Sports

ഐപിഎല്‍: പഞ്ചാബിന് 190 റണ്‍സ് വിജയലക്ഷ്യം

മൊഹാലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 190 റണ്‍സ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 189 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലിന്റേയും (81) അമ്പാട്ടി റായുഡുവിന്റേയും (65) അര്‍ധസെഞ്ച്വറികളാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്.
ജോസ് ബട്ട്‌ലര്‍ 13 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 24 റണ്‍സെടുത്തു. 58 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചാണ് പാര്‍ഥീവ് മുംബൈയുടെ അമരക്കാരനായത്.
കിരോണ്‍ പൊള്ളാര്‍ഡാണ് (10) മുംബൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 37 പന്തില്‍ നാല് വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടുന്നതാണ് റായുഡുവിന്റെ ഇന്നിങ്‌സ്.
നാല് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ പിഴുത മോഹിത് ശര്‍മയാണ് പഞ്ചാബ് ബൗളിങ് നിരയില്‍ തിളങ്ങിയത്. സന്ദീപ് ശര്‍മ, മിച്ചെല്‍ ജോണ്‍സന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (0) വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ മുംബൈക്ക് നഷ്ടമായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ സന്ദീപിന്റെ ബൗളിങില്‍ രോഹിതിനെ വിക്കറ്റ് കീപ്പര്‍ നിഖില്‍ നായ്ക് പിടികൂടുകയായിരുന്നു. എന്നാല്‍, രണ്ടാം വിക്കറ്റില്‍ പാര്‍ഥീവിനൊപ്പം ഒത്തുചേര്‍ന്ന റായുഡു കൂറ്റനടികളുമായി മുംബൈ സ്‌കോറിങിന് വേഗത കൂട്ടി.
രണ്ടാം വിക്കറ്റില്‍ 14.1 ഓവറില്‍ 137 റണ്‍സാണ് പാര്‍ഥീവ്-റായുഡു സഖ്യം അടിച്ചുകൂട്ടിയത്. മികച്ച ഇന്നിങ്‌സുമായി മുന്നേറുകയായിരുന്ന റായുഡുവിനെ അക്ഷറിന്റെ ബൗളിങില്‍ മനന്‍ വോഹ്‌റ പിടികൂടി. ഇന്നലത്തെ ഇന്നിങ്‌സോടെ റായുഡു ട്വന്റിയില്‍ 3000 റണ്‍സ് പിന്നിടുകയും ചെയ്തു.
ഒരുഘട്ടത്തില്‍ മുംബൈ സ്‌കോര്‍ 200ല്‍ വരെയെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബ് മുംബൈയെ 200 റണ്‍സ് നേടുന്നതില്‍ നിന്ന് തഴയുകയായിരുന്നു.
Next Story

RELATED STORIES

Share it