Sports

ഐപിഎല്‍: ഡിവില്ലിയേഴ്‌സ് വെടിക്കെട്ടില്‍ ബാംഗ്ലൂര്‍ ഫൈനലില്‍

ബംഗളൂരു: തോല്‍വി അഭിമുഖീകരിച്ച ഘട്ടത്തില്‍ ഉജ്ജ്വല വെടിക്കെട്ട് ഇന്നിങ്‌സിലൂടെ എബി ഡിവില്ലിയേഴ്‌സ് (79*) രക്ഷകനായപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന വാശിയേറിയ ഒന്നാം ക്വാളിഫയറില്‍ ശക്തരായ ഗുജറാത്ത് ലയണ്‍സിനെയാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. നാല് വിക്കറ്റും 10 പന്തും ബാക്കിനില്‍ക്കേയാണ് ബാംഗ്ലൂരിന്റെ മാസ്മരിക ജയം.
47 പന്ത് നേരിട്ട ഡിവില്ലിയേഴ്‌സ് അഞ്ച് വീതം സിക്‌സറും ബൗണ്ടറിയും നേടി. ഏഴാം വിക്കറ്റില്‍ ഡിവില്ലിയേഴ്‌സിനൊപ്പം ചേര്‍ന്ന ഇഖ്ബാല്‍ അബ്ദുല്ലയും (33*) നിര്‍ണായക ഇന്നിങ്‌സുമായി ബാംഗ്ലൂര്‍ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചു. 25 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് അബ്ദുല്ലയുടെ ഇന്നിങ്‌സ്. സ്റ്റുവര്‍ട്ട് ബിന്നിയാണ് (21) ബാംഗ്ലൂരിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 15 പന്ത് നേരിട്ട ബിന്നി രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും തന്റെ ഇന്നിങ്‌സില്‍ കണ്ടെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 158 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 41 പന്തില്‍ ആറ് സിക്‌സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 73 റണ്‍സെടുത്ത ഡ്വയ്ന്‍ സ്മിത്താണ് ഗുജറാത്തിന്റെ ടോപ്‌സ്‌കോറര്‍.
മറുപടിയില്‍ ഡിവില്ലിയേഴ്‌സും അബ്ദുല്ലയും ഏഴാം വിക്കറ്റില്‍ 91 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി മിന്നിയപ്പോള്‍ 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ബാംഗ്ലൂര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഗുജറാത്തിനു വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി നാലും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.
ഇരു ടീമിന്റേയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഗുജറാത്ത് ഒരുഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നെങ്കില്‍ ബാംഗ്ലൂരിന് 29 റണ്‍സെടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റുകളാണ് നഷ്ടമായത്.സ്മിത്തിന് പുറമേ മൂന്ന് താരങ്ങളാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കണ്ടത്.
വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് 26 (30 പന്ത്, രണ്ട് ഫോര്‍), എകലവ്യ ദിവേദി 19 (ഒമ്പത് പന്ത്, രണ്ട് സിക്‌സര്‍, ഒരു ഫോര്‍), ധവാല്‍ കുല്‍ക്കര്‍ണി 10 (നാല് പന്ത്, രണ്ട് ഫോര്‍) എന്നിവരാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍. ബ്രണ്ടന്‍ മക്കുല്ലം (1), ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന (1), ആരണ്‍ ഫിഞ്ച് (4) എന്നിവര്‍ ഗുജറാത്ത് ബാറ്റിങ് നിരയില്‍ നിരാശപ്പെടുത്തി.
നാല് വിക്കറ്റ് വീഴ്ത്തിയ ഷെയ്ന്‍ വാട്‌സനാണ് ബാംഗ്ലൂര്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. ഇഖ്ബാല്‍ അബ്ദുല്ലയും ക്രിസ് ജോര്‍ദനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. യുസ്‌വേന്ദ്ര ചഹാലിന് ഒരു വിക്കറ്റ് ലഭിച്ചു.
Next Story

RELATED STORIES

Share it