Sports

ഐപിഎല്‍: ഡികോക്ക് സെഞ്ച്വറിയില്‍ ചെകുത്തന്‍മാര്‍ കസറി

ഐപിഎല്‍: ഡികോക്ക് സെഞ്ച്വറിയില്‍ ചെകുത്തന്‍മാര്‍ കസറി
X
DD-Duminy-team--DELHI

ബംഗളൂരു: ക്വിന്റണ്‍ ഡികോക്ക് കന്നി സെഞ്ച്വറിയുമായി കസറിയപ്പോള്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ ശക്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ഡല്‍ഹിയുടെ ചെകുത്താന്‍മാര്‍ കീഴടക്കിയത്. ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് മല്‍സരത്തില്‍ ഡല്‍ഹി സ്വന്തമാക്കിയത്.
ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് ഡികോക്ക് ഇന്നലെ കുറിച്ചത്. ഐപിഎല്ലില്‍ ഡികോക്കിന്റെ ആദ്യ സെഞ്ച്വറി നേട്ടം കൂടിയാണിത്. 51 പന്തില്‍ 15 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡികോക്കിന്റെ ഇന്നിങ്‌സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെയും (79) എബി ഡിവില്ലിയേഴ്‌സിന്റെയും (55) അര്‍ധസെഞ്ച്വറികളുടെ മികവില്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 191 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 19 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 33 റണ്‍സുമായി ഷെയ്ന്‍ വാട്‌സനും ബാംഗ്ലൂര്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.
48 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും അടിച്ചാണ് കോഹ്‌ലി ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോററായത്. 33 പന്ത് നേരിട്ട ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു. ക്രിസ് ഗെയ്‌ലിന് അക്കൗണ്ട് തുറക്കാനായില്ല.
ഡല്‍ഹിക്കു വേണ്ടി മുഹമ്മദ് ഷമി രണ്ടും സഹീര്‍ ഖാന്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടിയില്‍ ശ്രേയാഷ് അയ്യരെയും (0) കേരള താരം സഞ്ജു വി സാംസണിനെയും (9) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ 134 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഡികോക്കും കരുണ്‍ നായരും (54*) നയിച്ചതോടെ ഡല്‍ഹി 19.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. ബാംഗ്ലൂരിനായി വാട്‌സന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
42 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് കരുണിന്റെ ഇന്നിങ്‌സ്. ഡികോക്കാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it