Sports

ഐപിഎല്‍ കിരീടപ്പോരാട്ടം ഇന്ന്; കന്നി കിരീടം മോഹിച്ച് ബാംഗ്ലൂരും സണ്‍റൈസേഴ്‌സും

ഐപിഎല്‍ കിരീടപ്പോരാട്ടം ഇന്ന്; കന്നി കിരീടം മോഹിച്ച് ബാംഗ്ലൂരും സണ്‍റൈസേഴ്‌സും
X
ipl

ബംഗളൂരു: കുട്ടിക്രിക്കറ്റിനെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒമ്പതാമത് എഡിഷന് ഇന്ന് തിരശ്ശീലവീഴും. കലാശപ്പോരാട്ടത്തില്‍ മുന്‍ റണ്ണേഴ്‌സപ്പായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മികച്ച ഫോമിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ബംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കിരീടപ്പോരാട്ടം അരങ്ങേറുന്നത്. കന്നി കിരീടം ലക്ഷ്യമിട്ടാണ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സും അങ്കത്തട്ടിലിറങ്ങുന്നത്. മികച്ച ബാറ്റിങ്, ബൗളിങ് നിര കൊണ്ട് ഇരു ടീമും ടൂര്‍ണമെന്റില്‍ ശ്രദ്ധേയമാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവരാണ് ബാറ്റിങില്‍ ബാംഗ്ലൂരിന്റെ കുന്തമുനകള്‍. എന്നാല്‍, ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍, യുവരാജ് സിങ് എന്നിവര്‍ സണ്‍റൈസേഴ്‌സ് ബാറ്റിങ് നിരയിലെ കരുത്തരാണ്. ബൗളിങില്‍ യുസ് വേന്ദ്ര ചഹലും ഇഖ്ബാല്‍ അബ്ദുല്ല, ഷെയ്ന്‍ വാട്‌സന്‍ എന്നിവര്‍ മികച്ച രീതിയിലാണ് ബൗള്‍ ചെയ്യുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ ഓള്‍റൗണ്ട് പ്രകടനവുമായി കേരള താരം സചിന്‍ ബേബിയും ബാംഗ്ലൂരിന്റെ ശ്രദ്ധേയ താരങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ട്രെന്റ് ബോള്‍ട്ട്, മുസ്തഫിസുര്‍ റഹ് മാന്‍ തുടങ്ങിയ മികച്ച ബൗളിങ് നിരയാണ് സണ്‍റൈസേഴ്‌സിനുള്ളത്. പരിക്കേറ്റ മുസ്തഫിസുര്‍ ഇന്നും സണ്‍ നിരയില്‍ കളിക്കാന്‍ സാധ്യതയില്ല. പരിക്കിനെ തുടര്‍ന്ന് ഗുജറാത്ത് ലയണ്‍സിനെതിരായ ക്വാളിഫയര്‍ രണ്ടില്‍ മുസ്തഫിസുറിന് കളിക്കാനായിരുന്നില്ല. ക്വാളിഫയര്‍ ഒന്നില്‍ ഗുജറാത്തിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബാംഗ്ലൂര്‍ ഫൈനലിലേക്ക് മുന്നേറിയത്. തോല്‍വി അഭിമുഖീകരിച്ച ബാംഗ്ലൂരിനെ ഡിവില്ലിയേഴ്‌സും അബ്ദുല്ലയും മികച്ച ഇന്നിങ്‌സിലൂടെ വിജയത്തിലെത്തിക്കുകയായിരുന്നു. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനെ നാല് വിക്കറ്റിന് തകര്‍ത്തായിരുന്നു സണ്‍റൈസേഴ്‌സിന്റേയും ഫൈനല്‍ പ്രവേശനം. വാര്‍ണറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ചരിത്രത്തിലാദ്യമായി സണ്‍റൈസേഴ്‌സിന് കന്നി ഫൈനലിലേക്ക് ടിക്കറ്റ് നേടിക്കൊടുത്തത്. ഗുജറാത്തിനെതിരേ അബ്ദുല്ല കാഴ്ചവച്ച സമാനമായ ഇന്നിങ്‌സുമായി ബിപുല്‍ ശര്‍മയും വാര്‍ണറിന് മികച്ച പിന്തുണ നല്‍കുകയായിരുന്നു. രണ്ട് തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുത്തിയ കിരീടം ഇത്തവണ വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് ബാംഗ്ലൂര്‍. 2009, 2011 സീസണുകളിലാണ് റണ്ണേഴ്‌സപ്പ് കൊണ്ട് ബാംഗ്ലൂര്‍ തൃപ്തിപ്പെട്ടത്. എന്നാല്‍, 2013ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച സണ്‍റൈസേഴ്‌സിന്റെ ഏറ്റവും വലിയ മൂന്നേറ്റം നാലാം സ്ഥാനത്തെത്തിയതാണ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഇരു ടീമിന്റെ ക്യാപ്റ്റന്‍മാരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 15 ഇന്നിങ്‌സുകളില്‍ നിന്ന് നാല് സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 919 റണ്‍സാണ് കോഹ്‌ലി വാരിക്കൂട്ടിയത്. ഇന്ന് 81 റണ്‍സ് കൂടി നേടാനായാല്‍ ഐപിഎല്‍ സീസണില്‍ 1,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡും കോഹ് ലിക്ക് സ്വന്തമാക്കാം. നിലവില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് കോഹ് ലി ഇത്തവണത്തെ ടൂര്‍ണമെന്റിലൂടെ നേരത്തെ തന്നെ തന്റെ പേരിലെഴുതി ചേര്‍ത്തിരുന്നു. 16 ഇന്നിങ്‌സുകളില്‍ നിന്ന് എട്ട് അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 779 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 682 റണ്‍സുമായി ബാംഗ്ലൂരിന്റെ ഡിവില്ലിയേഴ്‌സാണ് മൂന്നാം സ്ഥാനത്ത്. സണ്‍റൈസേഴ്‌സിന്റെ ഭുവനേശ്വറാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാംസ്ഥാനത്ത്. 16 മല്‍സരങ്ങളില്‍ നിന്ന് 23 വിക്കറ്റാണ് ടൂര്‍ണമെന്റില്‍ ഭുവനേശ്വര്‍ സ്വന്തമാക്കിയത്. 12 മല്‍സരങ്ങളില്‍ നിന്ന് 20 വിക്കറ്റുമായി ചഹലാണ് രണ്ടാമത്. ഓള്‍റൗണ്ട് മികവിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ വാട്‌സന്‍ 20 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
Next Story

RELATED STORIES

Share it