Sports

ഐപിഎല്‍: ഓള്‍റൗണ്ട് മികവില്‍ മുംബൈ കസറി

ബംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് മികച്ച ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് മുംബൈ ആറ് വിക്കറ്റിന് തകര്‍ത്തുവിട്ടത്. ഓള്‍റൗണ്ട് മികവാണ് മുംബൈക്ക് സീസണിലെ ആറാം ജയം നേടിക്കൊടുത്തത്.
ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും മുംബൈക്ക് സാധിച്ചു. എന്നാല്‍, ആറാം തോല്‍വിയോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് ബെര്‍ത്ത് തുലാസിലായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 151 റണ്‍സെടുത്തു. മറുപടിയില്‍ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ വിജയത്തീരത്തെത്തി. മുംബൈക്കു വേണ്ടി അമ്പാട്ടി റായുഡു 44 (47 പന്ത്, രണ്ട് ഫോര്‍, രണ്ട് സിക്‌സര്‍), കിരോണ്‍ പൊള്ളാര്‍ഡ് 35* (19 പന്ത്, മൂന്ന് ഫോര്‍, രണ്ട് സിക്‌സര്‍), ജോസ് ബട്ട്‌ലര്‍ 29* (11 പന്ത്, മൂന്ന് സിക്‌സര്‍, ഒരു ഫോര്‍), ക്യാപ്റ്റന്‍ രോഹിത് ശര്‍മ 25 (24 പന്ത്, മൂന്ന് ഫോര്‍) എന്നിവര്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച പൊള്ളാര്‍ഡ്-ബട്ട്‌ലര്‍ സഖ്യമാണ് മുംബൈയെ അനായാസ ജയത്തിലെത്തിച്ചത്.
നേരത്തെ പുറത്താവാതെ 53 പന്തില്‍ നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 68 റണ്‍സെടുത്ത വിക്കറ്റ്കീപ്പര്‍ ലോകേഷ് രാഹുലാണ് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറര്‍. കേരള താരം സചിന്‍ ബേബി പുറത്താവാതെ 25 റണ്‍സെടുത്തു. 13 പന്തില്‍ രണ്ട് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ബേബിയുടെ ഇന്നിങ്‌സ്. ഇരുവര്‍ക്കു പുറമേ എബി ഡിവില്ലിയേഴ്‌സ് (24) ഷെയ്ന്‍ വാട്‌സന്‍ (15) എന്നിവര്‍ക്കു മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കാണാനായത്.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (7) ക്രിസ് ഗെയ്‌ലും (5) ബാറ്റിങില്‍ നിരാശപ്പെടുത്തി. മുംബൈക്കു വേണ്ടി ടിം സോത്തി, മിച്ചെല്‍ മക്ലെനഗന്‍, ക്രുനല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Next Story

RELATED STORIES

Share it