Sports

ഐപിഎല്ലില്‍ സൂര്യോദയം

ഐപിഎല്ലില്‍ സൂര്യോദയം
X
Ben-Cutting-celebrates-afte

ബംഗളൂരു: ബംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ സൂര്യന്‍ കത്തിജ്വലിച്ചു. ഡേവിഡ് വാര്‍ണറും സംഘവും അതില്‍ ആനന്ദനൃത്തമാടി രാത്രിയെ പകലാക്കി മാറ്റുന്ന കാഴ്ചയാണ് ഇന്നലെ ചിന്നസ്വാമിയില്‍ കണ്ടത്. ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മുട്ടുകുത്തിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിരീടം ചൂടി. സണ്‍റൈസേഴ്‌സിന്റെ കന്നി ഐപിഎല്‍ കിരീട നേട്ടം കൂടിയാണിത്. മല്‍സരത്തില്‍ എട്ട് റണ്‍സിനായിരുന്നു സണ്ണിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ (69) അര്‍ധസെഞ്ച്വറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 208 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. വാര്‍ണറിന് പുറമേ അവസാന ഓവറുകളില്‍ ബെന്‍ കട്ടിങും (39*) യുവരാജ് സിങും (38) മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചതോടെ സണ്‍റൈസേഴ്‌സ് സ്‌കോര്‍ 200 റണ്‍സ് പിന്നിട്ടു.ബാംഗ്ലൂരിനു വേണ്ടി ക്രിസ് ജോര്‍ദന്‍ മൂന്നും ശ്രീനാഥ് അരവിന്ദ് രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി. യുസ് വേന്ദ്ര ചഹലിന് ഒരു വിക്കറ്റ് ലഭിച്ചു. മറുപടിയില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 200 റണ്‍സെടുക്കാനേ ബാംഗ്ലൂരിന് സാധിച്ചുള്ളൂ. ക്രിസ് ഗെയ്‌ലും (76) ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും (54) പൊരുതി നോക്കിയെങ്കിലും മധ്യനിരയും വാലറ്റനിരയും നിരാശപ്പെടുത്തിയത് ബാംഗ്ലൂരിനെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു. ഓപണിങ് വിക്കറ്റില്‍ ഉജ്ജ്വല തുടക്കമാണ് ഗെയ്‌ലും കോഹ്‌ലിയും ചേര്‍ന്ന് ബാംഗ്ലൂരിന് നല്‍കിയത്. ഒരുഘട്ടത്തില്‍ 10.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സ് ബാംഗ്ലൂര്‍ വാരിക്കൂട്ടുകയും ചെയ്തു. ഗെയ്‌ലായിരുന്നു ബാംഗ്ലൂര്‍ നിരയില്‍ ഇന്നലെ ഏറ്റവും അപകടകാരി. 38 പന്ത് നേരിട്ട ഗെയ്ല്‍ എട്ട് സിക്‌സറും നാല് ബൗണ്ടറിയും അടിച്ചുക്കൂട്ടി. 35 പന്ത് നേരിട്ട കോഹ്‌ലിയുടെ ഇന്നിങ്‌സില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ കോഹ്‌ലിയുടെ ഏഴാം അര്‍ധസെഞ്ച്വറി കൂടിയാണിത്. ഗെയ്‌ലും കോഹ്‌ലിയും പുറത്തായതോടെ ബാംഗ്ലൂരിന്റെ കിരീട പ്രതീക്ഷ അസ്തമിക്കുകയായിരുന്നു. വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ് (5) എളുപ്പത്തില്‍ മടങ്ങിയത് ബാംഗ്ലൂരിന് വന്‍ ആഘാതമായി. ഷെയ്ന്‍ വാട്‌സന്‍ 11ഉം കേരള താരം സചിന്‍ ബേബി ഒമ്പതും റണ്‍സെടുത്ത് മടങ്ങി. സണ്ണിനു വേണ്ടി കട്ടിങ് രണ്ടു വിക്കറ്റ് വീഴ്ത്തി തിളങ്ങി. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണിങ് വിക്കറ്റില്‍ വാര്‍ണറും ശിഖര്‍ ധവാനും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടുമായി സണ്‍റൈസേഴ്‌സിനു മികച്ച തുടക്കം നല്‍കി. ധവാന്‍ മടങ്ങിയെങ്കിലും ഒരറ്റത്ത് പൊരുതിയ വാര്‍ണര്‍ സണ്‍റൈസേഴ്‌സ് സ്‌കോര്‍ 125ലെത്തിച്ചതിന് ശേഷമാണ് കളംവിട്ടത്. വാര്‍ണറിന്റെ പുറത്താവലോടെ അല്‍പ്പം പതറിയ സണ്‍റൈസേഴ്‌സിന് യുവിയും കട്ടിങും വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ജയിക്കാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. 38 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് വാര്‍ണറിന്റെ ഇന്നിങ്‌സ്. ടൂര്‍ണമെന്റില്‍ താരത്തിന്റെ ഒമ്പതാം അര്‍ധസെഞ്ച്വറി കൂടിയാണിത്. 15 പന്ത് നേരിട്ട കട്ടിങ് നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും അടിച്ചു. 23 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് യുവിയുടെ ഇന്നിങ്‌സ്. 25 പന്ത് നേരിട്ട ധവാന്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും നേടി.
Next Story

RELATED STORIES

Share it