ഐജി സുരേഷ് രാജ് പുരോഹിതിനെ മാറ്റി; പോലിസ് അക്കാദമിയില്‍ ബീഫ് വിളമ്പും

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: അനൗദ്യോഗിക ഉത്തരവിലൂടെ കഴിഞ്ഞ രണ്ടു വര്‍ഷമായി തൃശൂരിലെ പോലിസ് ട്രെയിനിങ് ക്യാംപിലെ മെസ്സുകളില്‍ ബീഫ് നിരോധിച്ച ഐജി സുരേഷ് രാജ് പുരോഹിതിനെ സ്ഥലംമാറ്റി. തൃശൂര്‍ മുന്‍ സിറ്റി പോലിസ് കമ്മീഷണറും ഡിഐജിയുമായ പി വിജയനാണു പകരം നിയമനം. അദ്ദേഹം ചുമതലയേ ല്‍ക്കുന്നതോടെ പോലിസ് കാ ന്റീനിലും മെസ്സുകളിലും വീണ്ടും ബീഫ് യഥേഷ്ടം കിട്ടിത്തുടങ്ങും.
സുരേഷ് രാജ് പുരോഹിതിനെ തിരുവനന്തപുരം പോലിസ് ആസ്ഥാനത്തെ ഐജിയായാണ് നിയമിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് പോലിസിലെ ഇടത് അനുകൂല സംഘടനകള്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ആന്ത്രാക്‌സ് രോഗബാധയെത്തുടര്‍ന്ന് ബീഫിന് നിരോധനം ഏര്‍പ്പെടുത്തിയത്. പാലക്കാട്ടെ സിപിഎം ലോക്‌സഭാംഗമായ എം പി രാജേഷാണ് പോലിസ് അക്കാദമിയിലെ ബീഫ് നിരോധന സംഭവം പുറത്തുകൊണ്ടുവന്നത്. ബീഫിന്റെ പേരില്‍ ബിജെപി വിവാദം സൃഷ്ടിച്ച സന്ദര്‍ഭത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജേഷ് ഈ സംഭവം പരസ്യപ്പെടുത്തിയത്. പോലിസുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ബീഫ് നിരോധനം പിന്‍വലിക്കാന്‍ ഐജി തയ്യാറായിരുന്നില്ല.
സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തിലെത്തിയതിന്റെ ഭാഗമായി പോലിസ് അക്കാദമി യില്‍ ഇടത് അനുകൂല സംഘടനകള്‍ 'നിരോധനം' ലംഘിച്ച് ബീഫ് വിളമ്പിയിരുന്നു. ഇതറിഞ്ഞ ഐജി സുരേഷ് രാജ് പുരോഹിത് അന്വേഷണത്തിന് ഉത്തരവിടുകയും ഇടത് അനുകൂല പോലിസ് സംഘടനയുടെ ഭാരവാഹിക്കെതിരേ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് രാജ് പുരോഹിതിന്റെ ബീഫ് നിരോധന നടപടി പരസ്യമായി വിമര്‍ശിച്ചു. ആളുകള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതിനെ തടയാന്‍ ഒരുദ്യോഗസ്ഥനും അവകാശമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Next Story

RELATED STORIES

Share it