ഐജി ടി ജി ജോസിനെതിരേ ഡിജിപിയുടെ മൊഴി; ജോസ് ശേഖരിച്ച സരിതയുടെ കോള്‍ രേഖകള്‍ കാണാതായി

കൊച്ചി: സരിതയുടെ മൊബൈല്‍ഫോണ്‍ കോളുകളുടെ സിഡിആര്‍ രേഖകള്‍ സ്‌റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഐജി ടി ജെ ജോസിന് ലഭിച്ചിരുന്നതായും പിന്നീട് അത് കാണാതായെന്നും ഡിജിപി ടി പി സെന്‍കുമാര്‍ സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഐജി ടി ജെ ജോസ് സരിതയുടെ ഫോണ്‍ സന്ദേശത്തിന്റെ വിവരങ്ങള്‍ മൊബൈല്‍ സേവനദാതാക്കളില്‍നിന്ന് ഇ-മെയില്‍ മുഖേന നേടിയെന്ന പരാതിയില്‍ സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതീവ രഹസ്യ സ്വഭാവമുള്ള അന്വേഷണ റിപോര്‍ട്ട് പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താനാവില്ലെന്നു വ്യക്തമാക്കിയ ഡിജിപി റിപോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചു. രേഖകള്‍ നശിപ്പിച്ചു എന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന കമ്മീഷന്‍ അഭിഭാഷകന്റെ ചോദ്യത്തിന് അതുസംബന്ധിച്ച സിഡി ലഭ്യമല്ല എന്ന വിവരമാണ് ഉദ്യോഗസ്ഥരില്‍നിന്നു ലഭിച്ചതെന്നു ഡിജിപി പറഞ്ഞു.
മുഖ്യമന്ത്രിയോ അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ല. സരിതയുടെ വിവാദമായ കത്ത് പിടിച്ചെടുക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ തനിക്ക് കഴിയുമെന്നും കമ്മീഷന്റെ ചോദ്യത്തിന് മറുപടിയായി ഡിജിപി പറഞ്ഞു. ഉന്നത പോലിസ് ഉദ്യോഗസ്ഥനെതിരായി സരിത നല്‍കിയ പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയിരുന്നു. പരാതിയിലുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും തെളിവു നല്‍കുന്നതിന് അന്വേഷണോദ്യോഗസ്ഥരുമായി സരിത സഹകരിച്ചില്ലെന്നും ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപോര്‍ട്ടില്‍ പറയുന്നതായി ഡിജിപി സെന്‍കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it