ഐജിയുടെ ഔദ്യോഗിക വസതി അമൃതാനന്ദമയിസന്ദര്‍ശിച്ചത് വിവാദത്തില്‍

തൃശൂര്‍: പോലിസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിന്റെ ഔദ്യോഗിക വസതിയില്‍ മാതാ അമൃതാനന്ദമയി എത്തിയതു വിവാദമായി. ഞായറാഴ്ച വൈകീട്ട് 4.30ഓടെയാണ് രാമവര്‍മപുരം പോലിസ് അക്കാദമിയിലെ ഐജിയുടെ ഔദ്യോഗിക വസതിയിലേക്ക് അമൃതാനന്ദമയി എത്തിയത്. പുറത്തുനിന്നുള്ള സന്ദര്‍ശകര്‍ക്ക് അക്കാദമിയിലേക്കു പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ടെന്നിരിക്കെയാണ്, അമൃതാനന്ദമയിയുടെയും ഭക്തരുടെയും സന്ദര്‍ശനം. പുറത്തുനിന്നുള്ളവര്‍ അക്കാദമി കോംപൗണ്ടിലേക്കു പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ പരിശോധനയൊന്നും അമൃതാനന്ദമയിയുടെ സന്ദര്‍ശനത്തില്‍ പാലിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മേലധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് ട്രെയിനികള്‍ പറഞ്ഞു.സുരേഷ് രാജ് പുരോഹിത് ചുമതലയേറ്റ ശേഷം പോലിസ് അക്കാദമിയില്‍ നടപ്പാക്കിയ പല പരിഷ്‌കാരങ്ങളും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഏറെ വിവാദമായിരുന്നു.  അക്കാദമിയിലെ ഭക്ഷണശാലയില്‍ മാംസാഹാരം നിരോധിച്ചതും ട്രെയിനികളെ പീഡിപ്പിക്കുന്നതും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനിടെ നാളുകള്‍ക്കു മുമ്പ് പ്രായപൂര്‍ത്തിയാവാത്ത മകനെ കൊണ്ട് ഔദ്യോഗിക വാഹനമോടിപ്പിച്ച സംഭവം ദൃശ്യങ്ങളോടെ മാധ്യമങ്ങള്‍ പുറത്തുവിട്ടതും വിവാദമായി. ആഭ്യന്തരമന്ത്രി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറക്കാതെ ആഭ്യന്തരവകുപ്പ് ഒതുക്കി. പ്രായപൂര്‍ത്തിയാവാത്ത മകനെക്കൊണ്ട് വാഹനമോടിപ്പിച്ച സംഭവം പരാതി നല്‍കിയ അക്കാദമിയിലെ അഞ്ച് ട്രെയിനികളെ പരിശീലനത്തിന്റെ പേരില്‍ സത്യമംഗലം കാട്ടിലേക്ക് ശിക്ഷണ പരിശീലനത്തിനായി വിട്ടതും വിവാദമായിരുന്നെങ്കിലും ഉന്നത സ്വാധീനമുപയോഗിച്ച് അന്വേഷണങ്ങളും ആരോപണങ്ങളും മരവിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it