ഐജിക്കെതിരേ കേസെടുക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഔദ്യോഗിക വാഹനം പ്രായപൂര്‍ത്തിയാവാത്ത മകനെക്കൊണ്ട് ഓടിപ്പിച്ച കേസില്‍ തൃശൂര്‍ രാമവര്‍മപുരം പോലിസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കരുതെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയരായിരിക്കണം ഉത്തരവിന്‍മേലുള്ള തുടര്‍നടപടികളെന്ന് ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാവാത്ത മകനെക്കൊണ്ട് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ആക്ട്, മോട്ടോര്‍ വാഹന നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി സ്വദേശി കെ ടി ബെന്നിയാണ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. അഴിമതി ആരോപണമുള്ളതിനാല്‍ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ദ്രുതപരിശോധന നടത്തി വേണം അന്വേഷണത്തിന് ഉത്തരവിടാന്‍. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടി സുരേഷ്‌രാജ് പുരോഹിത് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
വിജിലന്‍സ് കോടതിയുടേത് യാന്ത്രികമായ നടപടിയാണ്. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും ഈ സംഭവത്തില്‍ എങ്ങിനെയാണ് ഈ നിയമം നിലനില്‍ക്കുന്നതെന്ന് വ്യക്തമല്ലെന്നും കോടതി ചൂണ്ടികാട്ടി. ലൈസന്‍സില്ലാതെ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കേസാണ് നിലനില്‍ക്കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ബെന്നി നല്‍കിയ പരാതിയിലെ എതിര്‍ കക്ഷിയായ വിയ്യൂര്‍ പോലിസ് സ്റ്റേഷന്‍ എസ്‌ഐ എം എം മഞ്ജുദാസും വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഐജിയുടെ മകന്‍ ഔദ്യോഗിക വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തില്ലെന്ന ആരോപണമാണ് എസ്‌ഐക്കെതിരെയുള്ളത്. താന്‍ കൂടി എതിര്‍ കക്ഷിയായ പരാതിയിലാണ് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തില്‍ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. കേസ് പരിഗണിച്ച കോടതി ഈ ഹരജി തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it