ഐക്യ സര്‍ക്കാരിന് പിന്തുണ നല്‍കും: വിമത സര്‍ക്കാര്‍

ട്രിപ്പോളി: രാജ്യത്തെ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ തങ്ങള്‍ അധികാരം ഒഴിയുകയാണെന്നും യുഎന്‍ നിര്‍ദേശിച്ച ഐക്യസര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും തലസ്ഥാനമായ ട്രിപ്പോളി കേന്ദ്രീകരിച്ച് ഭരണം നടത്തുന്ന വിമത സര്‍ക്കാര്‍.
ഭരണാധികാരികളെന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുന്ന പ്രസ്താവന വിമതര്‍ നയിക്കുന്ന നാഷനല്‍ സാല്‍വേഷന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
തന്റെ തീരുമാനത്തിന് മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ പിന്തുണയുണ്ടെന്നും വിമത പ്രധാനമന്ത്രി ഖലീഫ ഖവീല്‍ അറിയിച്ചു. രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാനും രക്തച്ചൊരിച്ചിലുകള്‍ ഒഴിവാക്കാനുമാണിതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഭാവിയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്കൊന്നും തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഐക്യസര്‍ക്കാര്‍ രൂപീകരണത്തിനായി പ്രധാനമന്ത്രിയായി നിര്‍ദേശിക്കപ്പെട്ട ഫായിസ് അല്‍ സര്‍റാജ് ട്രിപ്പോളിയിലെത്തി രണ്ടാഴ്ച പിന്നിട്ട ശേഷമാണ് വിമത വിഭാഗം തീരുമാനം അറിയിച്ചിരിക്കുന്നത്.
എന്നാല്‍, വ്യവസായിയായ സര്‍റാജിന്റെ നേതൃത്വത്തില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലിബിയയിലെ നാറ്റോ പിന്തുണയുള്ള സര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.
2011ല്‍ നാറ്റോ പിന്തുണയോടെ മുഅമ്മര്‍ ഗദ്ദാഫിയെ അധികാരത്തില്‍നിന്നു പുറത്താക്കിയ ശേഷം പ്രമുഖ എണ്ണ ഉല്‍പ്പാദന രാഷ്ട്രമായ ലിബിയയില്‍ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
നാറ്റോ പിന്തുണയുള്ള സര്‍ക്കാര്‍ രാജ്യത്തിന്റെ കിഴക്കുഭാഗം കേന്ദ്രീകരിച്ചും വിമത സഖ്യം തലസ്ഥാനമായ ട്രിപ്പോളി കേന്ദ്രീകരിച്ചും ഭരണം നടത്തിവരുകയാണ്.
Next Story

RELATED STORIES

Share it