ഐക്യാഹ്വാനവുമായി പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത്; ദലിത് ആക്രമണങ്ങളെകുറിച്ച് മൗനം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഹരിയാനയില്‍ ദലിതരായ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുകപോലും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്ത് പ്രഭാഷണം. ചിന്തയിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും പദപ്രയോഗത്തിലും വരെ നിരന്തരം ഐക്യം ഉണ്ടാവണമെന്ന ആഹ്വാനത്തോടെയാണ് മോദിയുടെ പ്രഭാഷണം പുരോഗമിച്ചത്.
വൈവിധ്യമാണ് രാജ്യത്തിന്റെ മഹത്ത്വം. വിവിധ ജാതികളും സംസ്‌കാരവും ഭാഷകളും അടങ്ങിയതാണ് നമ്മുടെ രാജ്യം. ഇതാണ് രാജ്യത്തിന്റെ ശോഭ. ഈ വൈവിധ്യം ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്തിന്റെ പേരില്‍ നമുക്ക് അഭിമാനിക്കാനാവില്ലായിരുന്നുവെന്ന് മോദി പറഞ്ഞു.
മുംബൈയില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മല്‍സരത്തിലെ കളിക്കാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്.
കണ്ണൂര്‍ ആകാശവാണി നിലയത്തിലെ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നു പറഞ്ഞ മോദി, ശ്രദ്ധ തമ്പാന്‍ എന്ന 12ാം ക്ലാസ് വിദ്യാര്‍ഥിനി മന്‍ കീ ബാത്ത് റേഡിയോ പ്രഭാഷണത്തെ വിലയിരുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നുവെന്നും ഇതുകണ്ട ആകാശവാണി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനിയെ വിളിച്ചുവരുത്തി ആദരിച്ചുവെന്നും പറഞ്ഞു. കണ്ണൂര്‍ ആകാശവാണിയുടെ ഈ പ്രവൃത്തി തനിക്ക് വലിയ പ്രചോദനമായെന്നും മോദി പറഞ്ഞു.
അവയവദാനത്തെ പ്രോല്‍സാഹിപ്പിക്കണമെന്നും അതിനെക്കുറിച്ച് മന്‍ കീ ബാത്തില്‍ പരാമര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് ചിറ്റൂര്‍ സെന്റ് മേരീസ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ തനിക്ക് ഒരു കത്തയച്ചിരുന്നെന്നു പറഞ്ഞ പ്രധാനമന്ത്രി, വലിയ ഒരു തുണിയില്‍ വിരലടയാളംകൊണ്ട് ഇന്ത്യയുടെ ചിത്രം ആലേഖനം ചെയ്തിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. അവര്‍ തനിക്കു നല്‍കിയത് വളരെ പ്രതീകാത്മകമായ ഒരു സന്ദേശമാണെന്ന് മോദി പറഞ്ഞു.
അവയവദാനത്തിന് ആവശ്യമായ ദാതാക്കളെ കിട്ടാത്തതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. രാജ്യത്തിന് പ്രതിവര്‍ഷം ഒന്നരലക്ഷം കിഡ്‌നി, ഹൃദയം, കരള്‍ എന്നിവ ആവശ്യമുണ്ട്. ഓരോ വര്‍ഷവും ഒരുലക്ഷം കണ്ണുകളാണ് ആവശ്യമുള്ളത്.
എന്നാല്‍ 25,000 കണ്ണുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാവുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അവയവം ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ 1800114770 ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഗസറ്റഡ് ഇതര ഗ്രൂപ്പ് ബി, സി, ഡി തസ്തികകളിലേക്കുള്ള നിയമനത്തിന് 2016 ജനുവരി ഒന്നു മുതല്‍ അഭിമുഖ പരീക്ഷ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ശുചിത്വഭാരതം പദ്ധതിക്ക് പിന്തുണ നല്‍കിയ മാധ്യമങ്ങളെയും സന്‍സദ് ആദര്‍ശ് യോജന പദ്ധതിയെ പിന്തുണച്ച എംപിമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഒക്ടോബര്‍ 26 മുതല്‍ 29 വരെ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി രാജ്യത്തിന്റെ മഹാ ഉല്‍സവമാണെന്നാണ് മോദി വിശേഷിപ്പിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തു നടക്കുന്ന ഏറ്റവും വലിയ സമ്മേളനമായിരിക്കും ഡല്‍ഹിയില്‍ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2015-16ലെ പൊതുബജറ്റില്‍ പ്രഖ്യാപിച്ച സ്വര്‍ണ കടപ്പത്ര നിക്ഷേപ പദ്ധതി, സ്വര്‍ണ വരുമാനപദ്ധതി (ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം) എന്നിവ വരുംആഴ്ചകളില്‍ ലഭ്യമാക്കുമെന്നും മോദി വ്യക്തമാക്കി.
Next Story

RELATED STORIES

Share it