Districts

ഐക്യത്തിന്റെ വിജയം: വിഎസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അതിഭീകരമായ അഴിമതിഭരണത്തിനും ജനവിരുദ്ധ നടപടികള്‍ക്കും വര്‍ഗീയപ്രീണനത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് എല്‍ഡിഎഫിന്റെ വിജയത്തില്‍ പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വര്‍ഗീയതയ്‌ക്കെതിരായ എല്‍ഡിഎഫിന്റെ ശക്തമായ പോരാട്ടത്തിനും ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ വിജയം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ വര്‍ഗീയ അജണ്ടയോട് മൃദുസമീപനം സ്വീകരിക്കുകയും അവരെ തരാതരം പോലെ പ്രീണിപ്പിക്കുകയും ചെയ്ത യുഡിഎഫിന്റെ അപകടകരമായ രാഷ്ട്രീയ നിലപാട് ജനങ്ങള്‍ തള്ളിയിരിക്കുന്നു. യുഡിഎഫിന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് തലസ്ഥാന നഗരിയില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സഹായകമായത്.
ബിജെപിയുമായി കൂട്ടുചേര്‍ന്ന വെള്ളാപ്പള്ളി നടേശന്റ അവിഹിതവേഴ്ചയ്ക്കും ശ്രീനാരായണീയരെ ചാതുര്‍വര്‍ണ്യത്തിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമത്തിനും അഴിമതി മൂടിവയ്ക്കാനുള്ള ശ്രമത്തിനും പ്രബുദ്ധരായ ജനങ്ങള്‍ നല്‍കിയ ചുട്ട മറുപടിയും ഈ തിരഞ്ഞെടുപ്പു ഫലത്തില്‍ കാണാം. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡില്‍ പോലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥി മൂന്നാമതാണ്. ബിജെപി-വെള്ളാപ്പള്ളി കൂട്ടുകെട്ടിനെ യഥാര്‍ഥ ശ്രീനാരായണീയരും കേരളത്തിലെ മതനിരപേക്ഷരരും അംഗീകരിക്കില്ല.
കൊല്ലത്ത് ആര്‍എസ്പിക്കും വയനാട്ടില്‍ വീരേന്ദ്രകുമാറിന്റെ ജനതാദളിനും ഉണ്ടായ കനത്ത പരാജയം അവസരവാദ യുഡിഎഫ് കൂട്ടുകെട്ടിനു ലഭിച്ച തിരിച്ചടിയാണ്. ഈ രണ്ടു പാര്‍ട്ടികളും അവരുടെ രാഷ്ട്രീയ നിലപാട് പുനഃപരിശോധിക്കേണ്ട സമയമായെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it