ഐക്യകേരളം: 7 വര്‍ഷത്തിനകം 3 മന്ത്രിസഭകള്‍

കേരള നിയമസഭയുടെ ഇന്നലെകളെക്കുറിച്ച് തേജസ് പ്രതിനിധി എസ് നിസാര്‍ തയാറാക്കിയ പരമ്പര തുടങ്ങുന്നു

പതിമൂന്ന് നിയമസഭകള്‍, ഇരുപത്തൊന്ന് മന്ത്രിസഭകള്‍,1956 നവംബര്‍ ഒന്നിന് ഐക്യകേരളം പിറവിയെടുത്തതു മുതല്‍ ഇതുവരെയുള്ള സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ ഇങ്ങനെ സംഗ്രഹിക്കാം. അത്രത്തോളം സംഭവബഹുലവും ചലനാത്മകവുമാണ് കേരള നിയമസഭയുടെ നാള്‍വഴി. 1956 മാര്‍ച്ചില്‍ തിരു-കൊച്ചി സംസ്ഥാനത്ത് പനമ്പിള്ളി ഗോവിന്ദമേനോന്‍ മന്ത്രിസഭ രാജിവച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം. അതിന്റെ പശ്ചാത്തലത്തിലാണ് ഐക്യകേരളം രൂപം കൊള്ളുന്നതും കേരള നിയമസഭയിലേക്കുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിന് വഴിതുറക്കുന്നതും. 1957 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാ—യിരുന്നു തിരഞ്ഞെടുപ്പ്. 12 ദ്വയാംഗ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 114 നിയമസഭാ മണ്ഡലങ്ങളിലെ 126 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ ലോകത്ത് രണ്ടാമതായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറി. മാര്‍ച്ച് 23ന് തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 60 സീറ്റുകളും കമ്മ്യൂണിസ്റ്റ് സ്വതന്ത്രര്‍ 5 സീറ്റുകളും നേടി. കോണ്‍ഗ്രസ്- 43, പിഎസ്പി- 9, മുസ്‌ലിംലീഗ്- 8, കക്ഷിരഹിതര്‍- 1 എന്നിങ്ങനെയായിരുന്നു പ്രതിപക്ഷ കക്ഷിനില. മാര്‍ച്ച് 25ന് ഇഎംഎസിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. ഏപ്രില്‍ 4ന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു. 126 അംഗങ്ങളും നാമനിര്‍ദേശം ചെയ്ത ഒരു അംഗവുമുള്ള നിയമസഭയുടെ ആദ്യത്തെ സ്പീക്കറായി ആര്‍ ശങ്കരനാരായണന്‍ തമ്പി തിരഞ്ഞെടുക്കപ്പെട്ടു. കെ ഒ ഐഷാബായി ഡെപ്യൂട്ടി സ്പീക്കറും കോണ്‍ഗ്രസ്സിലെ പി ടി ചാക്കോ പ്രതിപക്ഷനേതാവുമായി. കേരളത്തില്‍ അതുവരെ നിലനിന്ന ജന്മി-കുടിയാന്‍ ബന്ധത്തെ പൊളിച്ചെഴുതിക്കൊണ്ടുള്ള കാര്‍ഷികബന്ധ ബില്ല് പതിനൊന്നംഗ ഇഎംഎസ് മന്ത്രിസഭയുടെ സുപ്രധാന ചുവടുവയ്പായിരുന്നു.വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് കര്‍—ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ ബില്ല് സംസ്ഥാന രാഷ്ട്രീയാന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുകയും ചരിത്രപ്രസിദ്ധമായ വിമോചന സമരത്തിനു തുടക്കം കുറിക്കുകയും ചെയ്തു. 1959 ഏപ്രില്‍ 16ന് കോണ്‍ഗ്രസ് നേതാവ് പനമ്പിള്ളി ഗോവിന്ദമേനോനാണ് സര്‍ക്കാരിനെതിരേ വിമോചന സമരം പ്രഖ്യാപിച്ചത്. പ്രതിഷേധം ശക്തമായതോടെ അങ്കമാലിയിലും വെട്ടുകാട്ടും ചവറയിലും വെടിവയ്പ്പുണ്ടായി. ചെറിയതുറ വെടിവയ്പ്പില്‍ ഫ്‌ളോറി എന്ന ഗര്‍ഭിണി കൊല്ലപ്പെട്ടതോടെ കാര്യങ്ങള്‍ സര്‍ക്കാരിന്റെ കൈയില്‍ നില്‍ക്കാതെയായി. 1959 ജൂലൈ 31ന് ഭരണഘടനയുടെ 356ാം വകുപ്പ് അനുസരിച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ കേരള മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 356ാം വകുപ്പ് അനുസരിച്ച് പിരിച്ചുവിടപ്പെടുന്ന ആദ്യമന്ത്രിസഭയെന്ന വിശേഷണത്തിനും ഇഎംഎസ് മന്ത്രിസഭ അര്‍ഹമായി. ഏഴുമാസം നീണ്ടുനിന്ന രാഷ്ട്രപതി ഭരണത്തിനു ശേഷം 1960 ഫെബ്രുവരി ഒന്നിനാണ് രണ്ടാം നിയമസഭയിലേക്ക് തിരഞ്ഞെടുപ്പു നടക്കുന്നത്. കോണ്‍ഗ്രസ്-പിഎസ്പി-മുസ്‌ലിംലീഗ് സഖ്യം ഭൂരിപക്ഷം നേടി. കോണ്‍ഗ്രസ്സിന് 63 സീറ്റും പിഎസ്പിക്ക് 20ഉം ലീഗിന് 11ഉം സീറ്റുകള്‍ ലഭിച്ചു. മറുവശത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 29ഉം ആര്‍എസ്പി, കര്‍ണാടക സമിതി, സ്വതന്ത്രര്‍ എന്നിവര്‍ ഓരോ സീറ്റും നേടി. സഖ്യകക്ഷിയായിരുന്നിട്ടും ദേശീയതലത്തില്‍ പ്രതിച്ഛായക്കു പോറല്‍ ഏല്‍പ്പിക്കുമെന്നു ചൂണ്ടിക്കാട്ടി മുസ്‌ലിംലീഗിനെ മന്ത്രിസഭയില്‍ എടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പകരം സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചു. കെ എം സീതി സാഹിബ് രണ്ടാം നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. പിഎസ്പിയിലെ പട്ടം താണുപിള്ള മുഖ്യമന്ത്രിയായും കോണ്‍ഗ്രസ്സിലെ ആര്‍ ശങ്കര്‍ ഉപമുഖ്യമന്ത്രിയായും അധികാരത്തിലേറിയ മന്ത്രിസഭയ്ക്കും കാലാവധി പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെ ഏപ്രില്‍ 17ന് സീതിഹാജി സാഹിബിന്റെ അവിചാരിതമായ നിര്യാണം ഭരണമുന്നണിയില്‍ പുതിയ രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്കു വഴിതുറന്നു. കെപിസിസി പ്രസിഡന്റ് സി കെ ഗോവിന്ദന്‍നായര്‍ മറ്റൊരു ലീഗുകാരന്‍ സ്പീക്കറാവുന്നതിനെ എതിര്‍ത്തു. അങ്ങനെ സി എച്ച് മുഹമ്മദ് കോയ മുസ്‌ലിംലീഗ് അംഗത്വം രാജിവച്ച് ജൂണ്‍ 9ന് സ്പീക്കറായി. ഇത് ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചു. മുസ്‌ലിംലീഗ് വര്‍ഗീയസംഘടനയാണെന്ന സികെജിയുടെ പ്രസ്താവനയോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. പട്ടം മന്ത്രിസഭ ഒരുവര്‍ഷവും 9 മാസവും പിന്നിട്ടതോടെ സി എച്ച് മുഹമ്മദ് കോയ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. 1961 നവംബറില്‍ മുസ്‌ലിംലീഗ് ഭരണമുന്നണിയില്‍ നിന്നു പിന്മാറി. തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ അലക്‌സാണ്ടര്‍ പറമ്പിത്തറ സ്പീക്കറായി. പട്ടവും സഹമന്ത്രിമാരും തമ്മിലുള്ള ഭിന്നത സര്‍ക്കാരില്‍ പ്രതിസന്ധി രൂക്ഷമാക്കി. പട്ടത്തെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു നീക്കി പഞ്ചാബ് ഗവര്‍ണറായി അവരോധിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. 1962 സപ്തംബര്‍ 26ന് പട്ടം രാജിവയ്ക്കുകയും കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. പിഎസ്പി മന്ത്രിമാരായ കെ ചന്ദ്രശേഖരനും ഡി ദാമോദരന്‍ പോറ്റിയും കൂടി രാജിവച്ചതോടെ 1960ലെ ത്രികക്ഷി മന്ത്രിസഭ, കോണ്‍ഗ്രസ് മന്ത്രിസഭയായി മാറി. ഇഎംഎസ് ആയിരുന്നു ഈ കാലയളവിലെ പ്രതിപക്ഷനേതാവ്. രണ്ടാം നിയമസഭയിലെ പ്രശ്‌നങ്ങള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോയുടെ കാറില്‍ തൃശൂരിലെ പീച്ചിയില്‍ വച്ച് ഒരു സ്ത്രീയെ കണ്ടുവെന്ന ആരോപണം പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തി. പ്രതിപക്ഷത്തിനു പുറമേ, കോണ്‍ഗ്രസ്സില്‍ നിന്നും അദ്ദേഹത്തിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നു. കോണ്‍ഗ്രസ് എംഎല്‍എമാരായ പ്രഹഌദന്‍ ഗോപാലനും സി എം സ്റ്റീഫനും നിലപാട് കടുപ്പിച്ചതോടെ പി ടി ചാക്കോയില്‍ വിശ്വാസം നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി ആര്‍ ശങ്കര്‍ തുറന്നടിച്ചു. 1964 ഫെബ്രുവരി 20ന് പി ടി ചാക്കോ മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീടുള്ള കാലം കോണ്‍ഗ്രസ്സില്‍ ശങ്കര്‍-ചാക്കോ ദ്വയങ്ങളുടെ പരസ്യ ഏറ്റുമുട്ടലിന്റെയും ചെളിവാരിയെറിയലിന്റേതുമായിരുന്നു. ജൂണ്‍ 14ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പി ടി ചാക്കോ മല്‍സരിച്ചു പരാജയപ്പെട്ടു. 70ന് എതിരേ 112 വോട്ടുകള്‍ക്ക് എബ്രഹാം മാസ്റ്റര്‍ പ്രസിഡന്റായി. 1964 ആഗസ്ത് ഒന്നിന് ഹൃദയാഘാതം മൂലം പി ടി ചാക്കോ അന്തരിച്ചു. അതോടെ കോണ്‍ഗ്രസ്സില്‍ വിഭാഗീയത ആളിക്കത്തി. സപ്തംബര്‍ 2ന് കെ എം ജോര്‍ജിന്റെയും ആര്‍ ബാലകൃഷ്ണപ്പിള്ളയുടെയും നേതൃത്വത്തില്‍ 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി തേടി സ്പീക്കര്‍ക്ക് കത്തുനല്‍കി. ഈ തക്കം മുതലെടുത്ത് പ്രതിപക്ഷത്തു നിന്ന് പി കെ കുഞ്ഞും സി അച്യുതമേനോനും സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്സിലെ 15 വിമത എംഎല്‍എമാര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതോടെ സപ്തംബര്‍ 10ന് 50ന് എതിരേ 73 വോട്ടുകള്‍ക്ക് പ്രമേയം പാസാവുകയും ശങ്കര്‍ മന്ത്രിസഭ രാജിവയ്ക്കുകയും ചെയ്തു. അങ്ങനെ കേരളം വീണ്ടും രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായി.
Next Story

RELATED STORIES

Share it