ഐഐടികളിലെ ഫീസ് രണ്ടിരട്ടിയിലേറെ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)കളിലെ ഫീസ് രണ്ടിരട്ടിയിലേറെ വര്‍ധിപ്പിച്ചു. അടുത്ത അധ്യയനവര്‍ഷം മുതല്‍ വാര്‍ഷിക ഫീസ് 90,000 രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയാക്കിയാണു വര്‍ധിപ്പിച്ചത്.
ഫീസ് ഉയര്‍ത്തണമെന്ന ഐഐടി കൗണ്‍സിലിന്റെ ശുപാര്‍ശ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി അംഗീകരിക്കുകയായിരുന്നു. വാര്‍ഷിക ഫീസ് മൂന്നുലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നാണ് റൂര്‍ക്കി ഐഐടി ചെയര്‍മാന്‍ അശോക് മിശ്ര അധ്യക്ഷനായ ഐഐടി കൗണ്‍സില്‍ മാനവവിഭവശേഷി മന്ത്രാലയത്തിനു ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ നിര്‍ധന കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് അനുവദിച്ചിട്ടുണ്ട്. വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുള്ള പട്ടികജാതി, വര്‍ഗ, ദലിത് കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അംഗപരിമിതര്‍ക്കും ഫീസില്‍ പൂര്‍ണ ഇളവുനല്‍കും. അഞ്ചുലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കു മൊത്തം ഫീസിന്റെ മൂന്നില്‍ രണ്ട് വരുന്ന തുക ഇളവനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു ആനുകൂല്യത്തിന്റെ പരിധിയിലും വരാത്ത വിദ്യാര്‍ഥികള്‍ക്കു വായ്പ ലഭിക്കും. നിലവില്‍ ഐഐടികളില്‍ പഠനം നടത്തുന്നവര്‍ പ്രവേശനം നേടിയ സമയത്തെ ഫീസ് ഘടനതന്നെയാണു തുടരേണ്ടത്. അടുത്ത അധ്യയനവര്‍ഷംമുതല്‍ പുതിയ ഘടന ബാധകമാവുകയെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it