ഐഎസ് വീഡിയോകളിലെ സ്ഥിരം സാന്നിധ്യം ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സൂചന

വാഷിങ്ടണ്‍: ഐഎസ് വീഡിയോകളിലൂടെ പ്രസിദ്ധനായ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതായി സൂചന. ജിഹാദി ജോണ്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മുഹമ്മദ് എംവാസിയുടെ നേരെ കഴിഞ്ഞ ദിവസം സിറിയയിലെ റാഖയില്‍ വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍ അറിയിച്ചിരുന്നു. ആക്രമണത്തില്‍ എംവാസി സഞ്ചരിച്ച വാഹനം തകര്‍ന്നതായി ഉദ്യോഗസ്ഥരിലൊരാള്‍ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. ഐഎസ് പിടിയിലായ വിദേശ പൗരന്‍മാരെയും ബന്ദികളെയും കൊലപ്പെടുത്തുന്ന വീഡിയോകളിലെ സ്ഥിരം സാന്നിധ്യമാണ് ജിഹാദി ജോണ്‍.
ബ്രിട്ടിഷ് ഇംഗ്ലീഷ് സംസാരിക്കുന്ന കൊലയാളിയെ ലക്ഷ്യംവച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് പെന്റഗണ്‍ അറിയിച്ചു. യുഎസ് പത്രപ്രവര്‍ത്തകരായ സ്റ്റീഫന്‍ സോട്ട്‌ലോഫ്, ജെയിംസ് ഫോളി, യുഎസ് പൗരനായ അബ്ദുര്‍റഹ്മാന്‍ കാസ്സിഗ്, ബ്രിട്ടിഷ് സന്നദ്ധ സംഘടന പ്രവര്‍ത്തകരെന്നു അവകാശപ്പെടുന്ന ഡേവിഡ് ഹെയിന്‍സ്, അലന്‍ ഹെന്നിംഗ്, ജാപ്പനീസ് മാധ്യമപ്രവര്‍ത്തകനെന്ന പേരിലെത്തിയ കെഞ്ചി ഗോട്ടോ എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളില്‍ ജിഹാദി ജോണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്കാണ് വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it