യുഎസ് ഇറാഖിലേക്കു കൂടുതല്‍ സൈന്യത്തെ അയക്കുന്നു

വാഷിങ്ടണ്‍: സാര്‍വദേശീയ തലത്തില്‍ നടക്കുന്ന ഐഎസ് വിരുദ്ധനീക്കങ്ങളുടെ ഭാഗമായി ഇറാഖിലേക്കു കൂടുതല്‍ സൈനികരെ അയക്കുമെന്ന് യുഎസ് പ്രതിരോധവകുപ്പായ പെന്റഗണ്‍ അറിയിച്ചു.
ഐഎസിനെതിരേ ആക്രമണം നടത്തിവരുന്ന സൈന്യത്തിനു പുറമെയാണിത്. കഴിഞ്ഞദിവസം ഇറാഖിലെ സൈനിക താവളത്തില്‍ ഐഎസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ യുഎസ് ഭടന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുഎസിന്റെ പുതിയ നീക്കം.
ഇറാഖ് സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ചചെയ്തതായും സര്‍ക്കാര്‍ അനുമതിയോടെയാണ് സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചതെന്നും പെന്റഗണ്‍ അറിയിച്ചു. അതേസമയം, സൈനികരുടെ വിന്യാസം, ദൗത്യം, എണ്ണം എന്നിവയുടെ കാര്യം പെന്റഗണ്‍ പരാമര്‍ശിച്ചിട്ടില്ല.
ഐഎസ് നിയന്ത്രണത്തിലുള്ള വടക്കന്‍ ഇറാഖി നഗരമായ മൗസിലിന്റെ പ്രാന്തപ്രദേശത്തുണ്ടായ റോക്കറ്റാക്രമണത്തിലാണ് കഴിഞ്ഞദിവസം യുഎസ് സൈനികന്‍ കൊല്ലപ്പെട്ടത്. ഒക്‌ടോബറില്‍ വടക്കന്‍ ഇറാഖില്‍ ഐഎസ് ബന്ദിയാക്കിയ 70 ഓളം പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഇതിനുമുമ്പ് യുഎസ് സൈനികന്‍ ഇവിടെ കൊല്ലപ്പെട്ടത്. 26ാമത് മറൈന്‍ എക്‌സ്‌പെഡിഷറി യൂനിറ്റിലെ സൈന്യത്തെയാണ് യുഎസ് ഇറാഖില്‍ നിയോഗിക്കുന്നത്.
പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ എന്നീ മേഖലകളിലെ സുരക്ഷയ്ക്കായാണു നിലവില്‍ 26ാമത് മൈറന്‍ യൂനിറ്റിനെ നിയോഗിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it