ഐഎസ് വിരുദ്ധ പോരാട്ടം; പോര്‍വിമാനങ്ങളെ പിന്‍വലിക്കുമെന്ന് കാനഡ

ഒട്ടാവ: ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ ഐഎസ് വിരുദ്ധ പോരാട്ടത്തില്‍നിന്നു കാനഡയുടെ പോര്‍വിമാനങ്ങളെ തിരിച്ചു വിളിക്കുമെന്നു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിന്‍ ട്രുഡോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ലിബറല്‍ പാര്‍ട്ടിയുടെ വിജയത്തിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഒബാമയുമായി ഫോണില്‍ സംസാരിച്ച ജസ്റ്റിന്‍ ട്രുഡോ പോര്‍വിമാനങ്ങള്‍ പിന്‍വലിക്കുകയാണെന്നു അറിയിക്കുകയായിരുന്നു. യുദ്ധവിമാനങ്ങള്‍ പിന്‍വലിക്കുമെന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രുഡോ വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം, ഐഎസിനെതിരായ പേരാട്ടത്തില്‍ കാനഡയുടെ ഉത്തരവാദിത്തത്തോടെയുള്ള സഹകരണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാഖിലെയും സിറിയയിലെയും സൈനികരെ സഹായിക്കാന്‍ വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയിലുള്ള സൈനിക പരിശീലകര്‍ അവിടെ തുടരുമെന്നും ട്രുഡോ അറിയിച്ചു.
ഈ വര്‍ഷം 25,000 സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്നും ട്രുഡോ ഉറപ്പു നല്‍കി. മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് എതിരായിരുന്നു. ഒമ്പതു വര്‍ഷം നീണ്ട സ്റ്റീഫന്‍ ഹാര്‍പര്‍ നേതൃത്വം നല്‍കുന്ന യാഥാസ്ഥിതിക പാര്‍ട്ടിയുടെ ഭരണത്തിന് അന്ത്യംകുറിച്ചാണ് ജസ്റ്റിന്‍ ട്രുഡോ ലിബറല്‍ പാര്‍ട്ടിക്ക് മിന്നുന്ന ജയം സമ്മാനിച്ചത്.
Next Story

RELATED STORIES

Share it