ഐഎസ്: കൂടുതല്‍ ആകൃഷ്ടരാവുന്നത് ദക്ഷിണേന്ത്യക്കാരെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ ഐഎസ്‌ഐഎസ് രാജ്യത്തിന്റെ ഏതു ഭാഗത്തും ആക്രമണം നടത്തിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ഒരു തീവ്രവാദിയെ ഉപയോഗിച്ചും രാജ്യത്ത് ആക്രമണം നടത്തിയേക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ എടുത്തിട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളാണ് ഐഎസ്‌ഐഎസ്സിലേക്ക് കൂടുതലും ആകൃഷ്ടരാകുന്നത്. എന്നാല്‍, ഐഎസ്‌ഐഎസ് പ്രശ്‌നം ഒരു പ്രാദേശിക പ്രശ്‌നമായല്ല, ദേശീയ പ്രശ്‌നമായാണ് സര്‍ക്കാര്‍ കാണുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ചില മുസ്‌ലിം യുവാക്കള്‍ ഐഎസ്സിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഐഎസ് ഒരു വെല്ലുവിളി തന്നെയാണ്. ആ യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിച്ചേ മതിയാകു. ഇന്ത്യയിലും ഭീഷണിയുണ്ട്.
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തെ സുരക്ഷാ സംവിധാനം വളരെ വിജയകരമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയെന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്. ഇത്തരത്തിലുള്ള ഏതു ഭീഷണികളും വളരെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. രാജ്യം അഭീമുഖീകരിക്കുന്ന ഏതു പുതിയ വെല്ലുവിളികളേയും നേരിടാന്‍ നമ്മുടെ സുരക്ഷാ സംവിധാനം സജ്ജമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നമ്മുടെ ഏജന്‍സികളുടെ മനോഭാവത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍, അവ വലിയ അപകടം ഉണ്ടാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ ഐഎസ് പതാക പറത്തിയത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ചില വെബ്‌സൈറ്റുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇവയുടെ സര്‍വറുകള്‍ ഒന്നും തന്നെ ഇന്ത്യയില്‍ അല്ലെന്നും ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിജിജു വ്യക്തമാക്കി.
Next Story

RELATED STORIES

Share it