ഐഎസ് ആക്രമണം; ഇന്തോനീസ്യയില്‍ ഏഴു മരണം

ജക്കാര്‍ത്ത: ഇന്തോനീസ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലുണ്ടായ ആക്രമണപരമ്പരയില്‍ ഏഴു പേര്‍ മരിച്ചു. താമ്രിന്‍ നഗരപ്രാന്തത്തിലാണ് സ്‌ഫോടനവും വെടിവയ്പുമുണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. മരിച്ചവരില്‍ അഞ്ച് അക്രമികളും ഉള്‍പ്പെടും. അക്രമികളും പോലിസും തമ്മിലുണ്ടായ വെടിവയ്പിലാണ് മരണമുണ്ടായത്. സംഭവത്തിനു പിന്നില്‍ ഐഎസ് തന്നെയാണെന്ന് ജക്കാര്‍ത്ത പോലിസ് മേധാവി ടിറ്റോ കര്‍നാവിയാന്‍ പറഞ്ഞു.
ഐഎസില്‍ പ്രവര്‍ത്തിക്കുന്ന ഇന്തോനീസ്യന്‍ പൗരന്‍ ബഹ്‌റുന്‍ നയീം ആണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്ന് അദ്ദേഹം റോയിറ്റേഴ്‌സിനോടു പറഞ്ഞു. നയീം ഇപ്പോള്‍ സിറിയയിലാണെന്നാണ് കരുതുന്നത്. ആക്രമണത്തിനു മുമ്പെ നിരവധി തവണ ഐഎസില്‍നിന്നു ഭീഷണി ലഭിച്ചിരുന്നതായി പോലിസ് പറഞ്ഞു. യുഎന്‍ കാര്യാലയമടക്കമുള്ളവ സ്ഥിതി ചെയ്യുന്ന വ്യാവസായിക മേഖലയുടെ മധ്യത്തിലാണ് ആക്രമണമുണ്ടായത്.
50 മീറ്ററിനുള്ളില്‍ ആറു തവണയാണ് സ്‌ഫോടനമുണ്ടായത്. 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം അവസാനിച്ചതായും മേഖലയിപ്പോള്‍ സുരക്ഷാസൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും പോലിസ് അറിയിച്ചു.
അതേസമയം, മരണസംഖ്യ സംബന്ധിച്ച് വ്യത്യസ്തറിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആറു തോക്കുധാരികള്‍ മോട്ടോര്‍ബൈക്കുകളില്‍ എത്തിയാണ് വെടിവയ്പ് നടത്തിയത്.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാനപ്പെട്ട പള്ളികളും വിമാനത്താവളങ്ങളും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 1,50,000ത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്. 2002ല്‍ ഇന്തോനീസ്യയിലെ ബാലിയിലുണ്ടായ സായുധാക്രമണത്തില്‍ 200ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it