Literature

ഐഎഫ്എഫ്‌കെ നാലിനു തുടങ്ങും

തിരുവനന്തപുരം: ചലച്ചിത്രാസ്വാദകര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന അഭ്രപാളിയിലെ ആവിഷ്‌കാര വിസ്മയം നാലിനു മിഴിതുറക്കും. 20ാമത് കേരള അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈമാസം നാലുമുതല്‍ 11 വരെയാണ് ഫെസ്റ്റിവല്‍. ടാഗോര്‍ തിയേറ്ററാണ് മേളയുടെ പ്രധാനവേദി. നാലിന് വൈകീട്ട് ആറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസയ്ന്‍ മുഖ്യാതിഥിയാവും. ഇറാനിയന്‍ സംവിധായകന്‍ ദാരൂഷ് മെഹ്ജി, ജൂറി ചെയര്‍മാന്‍ ജൂലി ബ്രെസ്സൈന്‍ സംബന്ധിക്കും. 14 വേദികളില്‍ 12 വിഭാഗങ്ങളിലായി 178 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 90 ചിത്രങ്ങളും അന്തര്‍ദേശീയ വിഭാ ഗത്തില്‍ 14 ചിത്രങ്ങളും മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഏഴു ചിത്രങ്ങളും ഇന്ത്യന്‍ സിനിമാ ഇന്ന് വിഭാഗത്തില്‍ ഏഴു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ലിത്വാനിയായില്‍ നിന്ന് അഞ്ചും മ്യാന്‍മാറില്‍ നിന്ന് രണ്ടും ചിത്രങ്ങള്‍ മേളയിലുണ്ട്. മേളയുടെ 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ആദ്യപ്രദര്‍ശനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഐഎഫ്എഫ്‌കെ വെബ്‌സൈറ്റില്‍ ലോകസിനിമ വിഭാഗത്തില്‍പ്പെട്ട ചിത്രങ്ങളുടെ ട്രെയിലര്‍ ലഭ്യമാണ്. ഡെലിഗേറ്റുകളുടെ വര്‍ധനയ്ക്ക് അനുസരിച്ച് സീറ്റുകളുടെ എണ്ണവും സൗകര്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷത്തെ 4500 സീറ്റുകളുടെ സ്ഥാനത്ത് ഈവര്‍ഷം 7500 സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. 12,000 ഡെലിഗേറ്റ് പാസ്സുകളും 1000 മീഡിയാ പാസുകളും നല്‍കി. മേളയുടെ എല്ലാ വിവരങ്ങളും മൊബൈലില്‍ ലഭ്യമാക്കും. മേള നടക്കുന്ന ദിവസങ്ങളില്‍ സംഗീതനാടക അക്കാദമി, ഫോക്ക്‌ലോര്‍ അക്കാദമി, ഗുരു ഗോപിനാഥ് നടനഗ്രാമം, ഭാരത് ഭവന്‍ എന്നിവയുടെ സഹകരണത്തോടെ കനകക്കുന്നിലും ഭാരത് ഭവനിലും കലാസന്ധ്യകള്‍ സംഘടിപ്പിക്കും. 25ാം ഫെസ്റ്റിവലിന്റെ കവാടമെന്ന നിലയിലാണ് 20ാം ഫെസ്റ്റിവല്‍ രൂപകല്‍പന ചെയ്തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it