ഐഎഫ്എഫ്‌കെയില്‍ ജൂറി അംഗങ്ങളുടെ മൂന്നു ചിത്രങ്ങള്‍

തിരുവനന്തപുരം: 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ മൂന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മല്‍സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രെസെയ്‌ന്റെ പോര്‍ച്ചുഗീസ് ചിത്രം ഗരോട്ടോ (കിഡ്), നൈജീരിയന്‍ സംവിധായകന്‍ ന്യൂട്ടന്‍ ഐ അദുവാകയുടെ എസ്‌റ, അസമീസ് സംവിധായകന്‍ ജാനു ബറുവയുടെ അജേയ എന്നിവയാണ് ജൂറിചിത്രങ്ങളായി മേളയിലെത്തുന്നത്.
ജോര്‍ജ് ലൂയി ബോര്‍ഷെയുടെ ദി ഡിസിന്റെറെസ്റ്റഡ് കില്ലര്‍ ബില്‍ ഹരിഗാന്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ബ്രെസെയ്‌ന് ഗരോട്ടോ നിര്‍മിച്ചത്. ലൈംഗികതയെയും ആത്മീയതയെയും സംബന്ധിച്ച് ദമ്പതികള്‍ക്കുണ്ടാവുന്ന വെളിപാടുകളും ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം. സിയേറ ലിയോണിലെ ആഭ്യന്തര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് 2007ല്‍ പുറത്തിറങ്ങിയ എസ്‌റ കഥ പറയുത്. ലഹരിക്കടിമപ്പെട്ട ഒരു ഗ്രാമത്തിലുണ്ടാവുന്ന അക്രമങ്ങളിലൂടെ കലാപത്തിന്റെ ഭയപ്പാടുകള്‍ ചിത്രീകരിച്ചിരിക്കുന്നു. അക്രമത്തിനു സാക്ഷിയാവുന്ന എസ്‌റ, എസ്‌റയുടെ ബധിര സഹോദരി ഒനീറ്റ്ച, കുട്ടി സൈനികയായിരുന്ന സിയാന്ത എന്നിവരുടെ വിവരണത്തിലൂടെയാണ് കലാപരാത്രി ചിത്രീകരിക്കുന്നത്. ലോകമെമ്പാടും വിവിധ സായുധ അക്രമങ്ങളില്‍ ഇതേവരെ പങ്കുചേര്‍ന്ന മൂന്നു ലക്ഷത്തോളം കുട്ടി സൈനികരുടെ ജീവിതവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.
സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള ദിനങ്ങളിലും അവിടെനിന്ന് ഇങ്ങോട്ടുള്ള ദശാബ്ദങ്ങളിലും ബ്രഹ്മപുത്രയുടെ വടക്കന്‍ തീരത്തുള്ള ഒരു ഗ്രാമത്തിന്റെ യാത്രയാണ് ബറുവയുടെ അജേയ.
Next Story

RELATED STORIES

Share it