Sports

ഏഷ്യാകപ്പ്: മിര്‍പൂരില്‍ ഇന്ന് അയല്‍പ്പോര്

ഏഷ്യാകപ്പ്: മിര്‍പൂരില്‍ ഇന്ന് അയല്‍പ്പോര്
X
india-pak

മിര്‍പൂര്‍: ഏഷ്യാകപ്പിലെ ഏവരും ഉറ്റു നോക്കുന്ന മല്‍സരത്തിന് ബംഗ്ലാദേശ് നഗരമായ മിര്‍പൂരിലെ ഷേര്‍ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയം ഇന്നു വേദിയാവുന്നു. ടൂര്‍ണമെന്റിലെ ആവേശകരമായ നാലാം മല്‍സരത്തില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനുമാണ് ഇന്നു മുഖാമുഖം വരുന്നത്.
ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ 11 തവണ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോള്‍ ഇതില്‍ അഞ്ച് മല്‍സരങ്ങള്‍ വീതം വിജയിച്ച് ഇരുടീമുകളും തുല്യത പാലിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പാകിസ്താന്റെ ആദ്യ മല്‍സരമാണ് ഇന്നു നടക്കുന്നത്. ടീമില്‍ ഇടം പിടിക്കാതിരുന്ന മുഹമ്മദ് ഷെഹ്‌സാദിനു പകരമായി വലങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഹഫീസായിരിക്കും പാക് ടീമില്‍ ഓപ്പണറായി എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ പാകിസ്താന്റെ ട്വന്റി മല്‍സരങ്ങളില്‍ ഓപ്പണറായിറങ്ങിയ ഹഫീസ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഷഹ്‌സാദിനൊപ്പം ഷര്‍ജീല്‍ ഖാനുമായിരിക്കും ഓപ്പണിങ്ങിനിറങ്ങുക. പേരു കേട്ട പേസര്‍മാരുള്ള പാക് ബൗളിങ് നിരയില്‍ മുഹമ്മദ് അമീര്‍, വഹാബ് റിയാസ്, മുഹമ്മദ് സമി എന്നിവരെ മുന്‍ നിര്‍ത്തിയുള്ള ബൗളിങ് ആക്രമണത്തിനായിരിക്കും നായകന്‍ ഷാഹിദ് അഫ്രീദി മുന്‍തൂക്കം നല്‍കുന്നത്. പാകിസ്താന്‍ സൂപ്പര്‍ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ വഹാബ് റിയാസ് ട്വന്റി മല്‍സരങ്ങളില്‍ നിലവില്‍ പാകിസ്താന്റെ അഭിവാജ്യഘടകമാണിപ്പോള്‍. പേസര്‍മാര്‍ക്കൊപ്പം മുഹമ്മദ് നവാസ്, ഷാഹിദ് അഫ്രീദി എന്നിവരുടെ സ്പിന്‍ തന്ത്രങ്ങളും ഒത്തു ചേരുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ബാറ്റ്‌സ്മാന്‍മാര്‍ക്ക് നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരും.
അതേ സമയം ഏഷ്യാകപ്പില്‍ ഇന്ത്യയുടെ രണ്ടാം മല്‍സരമാണിന്ന് നടക്കുന്നത്. ആദ്യ മല്‍സരത്തില്‍ ആതിഥേയരും അട്ടിമറി വീരന്‍മാരുമായ ബംഗ്ലാദേശിനെ ഇന്ത്യ 44 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ആദ്യജയം നല്‍കിയ ആവേശം കൈമുതലാക്കിയാണ് ധോണിയും കൂട്ടരും ഇന്നു പാക് പടയ്‌ക്കെതിരേ ബൂട്ടണിയുന്നത്.
ആദ്യ മല്‍സരത്തിലെ ടീമില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും വരുത്താതെയായിരിക്കും നായകന്‍ ധോണി ഇന്നു പാകിസ്താനെതിരേ ടീമിനെ അണി നിരത്തുന്നത്. ആദ്യ മല്‍സരത്തില്‍ 166 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ നേടിയ ഇന്ത്യയുടെ ബാറ്റിങ് നിര മികച്ച ഫോമിലാണിപ്പോഴുള്ളത്. ആദ്യ മല്‍സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ച വച്ച രോഹിത് ശര്‍മയും ശിഖര്‍ധവാനും തന്നെയായിരിക്കും ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരായെത്തുന്നത്. മധ്യനിരയില്‍ ക്യാപ്റ്റന്‍ ധോണിയും സുരേഷ് റെയ്‌നയും യുവരാജ് സിങും മധ്യനിരയിലെത്തുമ്പോള്‍ മികച്ച സ്‌കോര്‍ നേടാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ബൗളിങ്ങില്‍ കഴിഞ്ഞ മല്‍സരത്തില്‍ മൂന്നു വിക്കറ്റ് പ്രകടനം കാഴ്ച വച്ച ആശിഷ് നെഹ്‌റയിലും ആര്‍ അശ്വിനിലുമാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്.
Next Story

RELATED STORIES

Share it