ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് : ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി യുവാവ്

കൊച്ചി: രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പി ല്‍ ജൂനിയര്‍ വിഭാഗത്തില്‍ മലയാളിയായ കൊല്ലം സ്വദേശി യദു രാജ് ഇന്ത്യയെ പ്രതിനിധീകരിക്കും. അമൃത സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് യദു. ജൂണ്‍ 7 മുതല്‍ 12 വരെയാണ് ചാംപ്യന്‍ഷിപ്പ്. കഴിഞ്ഞ മാര്‍ച്ചില്‍ ഹിമാചല്‍ പ്രദേശിലാണ് സെലക്ഷന്‍ ട്രയല്‍ നടന്നത്.
കേരള സംസ്ഥാന പവര്‍ ലിഫ്റ്റിങ് അവാര്‍ഡ് ജേതാവു കൂടിയായ ഈ 22കാരന്‍ കൊല്ലം സ്വദേശിയാണ്. തുടര്‍ച്ചയായി മൂന്നുവര്‍ഷം കൊല്ലം ജില്ലാ പവര്‍ലിഫ്റ്റിങ് ചാംപ്യനാണ്. 2014 മുതല്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം സ്‌ട്രോങ്— മാന്‍ ഓഫ് കൊല്ലം'പട്ടം നേടിയിട്ടുണ്ട്. 2014ല്‍ ഇന്ത്യന്‍ പവര്‍ലിഫ്റ്റിങ് ഫെഡറേഷന്‍ സംഘടിപ്പിച്ച സുബ്രതദത്ത ക്ലാസിക് ഓപണ്‍ ഇന്റര്‍നാഷനല്‍ ഡെഡ്‌ലിഫ്റ്റ്—ചാംപ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനം യദുവിനായിരുന്നു. ഏഷ്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഇന്ത്യക്കു വേണ്ടി മല്‍സരിക്കാന്‍ അവസരം കിട്ടിയതില്‍ അഭിമാനമുണ്ട്.കൂടാതെ എല്ലാ പ്രോല്‍സാഹനവും നല്‍കുന്ന അമൃത സര്‍വകലാശാലയോടു നന്ദിയുണ്ടെന്നും പരിശീലകനായ ബിജീഷിനോട് ഏറെ കടപ്പാടുണ്ടെന്നും യദു രാജ് പറഞ്ഞു.
അമൃത സര്‍വകലാശാലയുടെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവലാണ് യദു രാജിനു ലഭിച്ച അവസരമെന്ന് അമൃത സര്‍വകലാശാല കൊമേഴ്‌സ്—ആന്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ. ടി ആനന്ദവല്ലി അഭിപ്രായപ്പെട്ടു. ഇത്രയും ചെറുപ്പത്തില്‍ തന്നെ അന്താരാഷ്ട്ര വേദികള്‍ കൈയടക്കുന്ന യദു രാജ് സര്‍വകലാശാലയ്ക്ക് അഭിമാനമാണെന്നും അവര്‍ പറഞ്ഞു.
ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ഫെഡറേഷനാണ് (എഎഫ്പി) എല്ലാ വര്‍ഷവും ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it