ഏഴ് ബാന്‍ഡുകളായുള്ള സ്‌പെക്ട്രം ലേലംചെയ്യാന്‍ മന്ത്രിസഭാ അനുമതി

ന്യൂഡല്‍ഹി: 700 മുതല്‍ 2,500 മെഗാഹെഡ്‌സ് വരെ ഏഴു ബാന്‍ഡുകളായുള്ള സ്‌പെക്ട്രം ലേലംചെയ്യുന്നതിനു മന്ത്രിസഭായോഗം അനുമതി നല്‍കി. 700, 800, 900, 1800, 2100, 2300, 2500 മെഗാഹെഡ്‌സ് സ്‌പെക്ട്രങ്ങളാണു ലേലംചെയ്യുന്നത്. ഇന്ത്യന്‍ ടെലികോം ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തില്‍ 5.36 ട്രില്യന്‍ രൂപയുടെ വരുമാനമാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ആഗസ്ത് അവസാനത്തോടെയാവും ലേലം നടക്കുക. 700 മെഗാഹെഡ്‌സ് സ്‌പെക്ട്രമാണ് ഇതില്‍ ഏറ്റവും വിലയേറിയത്. ഒരു മെഗാഹെഡ്‌സിന് ഇത് 11,485 കോടി വരും. വസ്ത്രനിര്‍മാണ മേഖലയ്ക്ക് 6000 കോടിയുടെ പാക്കേജിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത മൂന്നുവര്‍ഷത്തിനിടെ ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണു വസ്ത്രനിര്‍മാണ മേഖലയ്ക്കു പ്രഖ്യാപിച്ച പാക്കേജ്. നിലവില്‍ വസ്ത്രനിര്‍മാണ യൂനിറ്റുകള്‍ക്ക് 15 ശതമാനം സബ്‌സിഡിയാണു നല്‍കിവരുന്നത്. മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനം വിലിയിരുത്തിയ ശേഷം 10 ശതമാനം സബ്‌സിഡി കൂടി അധികമായി നല്‍കും. പുറമേ നികുതി ഇളവുകളും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് പദ്ധതിക്കായി 10,000 കോടി രൂപ നീക്കിവയ്ക്കാനും തീരുമാനിച്ചതായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it