kannur local

ഏഴു മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ്

കണ്ണൂര്‍: നിമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഏഴു മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പി ബാലകിരണും ജില്ലാ പോലിസ് ചീഫ് പി ഹരിശങ്കറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം, കൂത്തുപറമ്പ്, തലശ്ശേരി എന്നീ മണ്ഡലങ്ങളിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലുമാണ് ഇത്തവണ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നത്. ജില്ലയിലെ
1054 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകും. 192 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ കവറേജ് നടത്തും. ഇതിന്റെ മേല്‍നോട്ടത്തിനു കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. 80 പേരെയാണ് ഇതിനു നിയോഗിച്ചിട്ടുള്ളത്. 15-20 ബൂത്തുകള്‍ ഒരാള്‍ എന്ന രീതിയില്‍ മുഴുവന്‍ സമയവും വെബ്കാസ്റ്റിങ് നിരീക്ഷിക്കും.
റവന്യൂ, പോലിസ്, ബിഎസ്എന്‍എല്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്രസേനാ കമാണ്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യവും കണ്‍ട്രോള്‍ റൂമിലുണ്ടാകും. വെബ്കാസ്റ്റിങും വീഡിയോ കവറേജും നടത്തുന്ന ദുശ്യങ്ങള്‍ പൂര്‍ണമായി റെക്കോഡ് ചെയ്യും. അടുത്ത ദിവസം നിരീക്ഷകര്‍ ഇവ പരിശോധിക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ ഏതെങ്കിലും ബൂത്തില്‍ ക്രമക്കേട് നടന്നതായി പരാതിയുണ്ടെങ്കില്‍ ദുശ്യങ്ങള്‍ 17നു രാവിലെ 11നു കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെത്തി പരിശോധിക്കാം. ബൂത്തിനു പുറത്തെ പോലിസ് പട്രോളിങിലും കേന്ദ്രസേനയുണ്ടാവും.
ജില്ലയില്‍ 615 പ്രശ്‌നബാധിത ബൂത്തുകളും 250 അതീവ പ്രശ്‌നബാധിത ബൂത്തുകളുമാണുള്ളത്. നേരത്തേ ആക്രമണം നടന്നതും ഒരേ സ്ഥാനാര്‍ഥിക്ക് 75 ശതമാനം വോട്ട് ലഭിച്ചതും 90 ശതമാനത്തിനു മേല്‍ പോളിങ് രേഖപ്പെടുത്തപ്പെട്ടതുമായ ബൂത്തുകളാണ് പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചത്. ക്രമാതീതമായ ജനക്കൂട്ടം ഉണ്ടാവുന്ന ബൂത്തുകളാണ് അതീവ പ്രശ്‌നബാധിതം.
ഇത്തരം ബൂത്തുകളില്‍ സൂക്ഷ്മ നിരീക്ഷകരും ഉണ്ടാവും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായ 265 പേരെയാണ് സൂക്ഷ്മ നിരീക്ഷകരായി നിയോഗിച്ചിട്ടുള്ളത്. 193 നിരീക്ഷകരെയും പോളിങ് ദിവസം ബൂത്തുകളില്‍ വിന്യസിക്കും. കോഴിക്കോട്-100, കാസര്‍കോഡ്-45, വയനാട്-55 എന്നിങ്ങനെയാണ് ഇതര ജില്ലകളില്‍ നിന്നു നിരീക്ഷകരായി നിയോഗിക്കപ്പെട്ടവര്‍.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ജില്ലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കലക്ടറേറ്റിലെ പിആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എഡിഎം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍ സി സജീവ് എന്നിവരും പങ്കെടുത്തു.
ശിലാഫലകങ്ങള്‍ മറയ്ക്കണം
കണ്ണൂര്‍: എംപി/എംഎല്‍എ വികസന ഫണ്ട് ഉപയോഗിച്ച് നടത്തപ്പെടുന്ന വിവിധ പ്രവൃത്തികളിന്‍മേല്‍(സ്‌കൂളിന് അനുവദിച്ച ബസ്സുകള്‍ അടക്കം) ബന്ധപ്പെട്ട എംപി/എംഎല്‍എമാരുടെയും നേതാക്കളുടെയും ഫോട്ടോയും മറ്റ് വിവരങ്ങളും ശിലാഫലകത്തിലായും മറ്റും രേഖപ്പെടുത്തിയത് തിരഞ്ഞെടുപ്പ് ദിവസം നിര്‍ബന്ധമായും മറയ്ക്കണം. പ്രസ്തുത ഫണ്ട് പ്രയോജനപ്പെടുത്തി നിര്‍മിച്ചവ മറയ്ക്കാന്‍ അതാത് വകുപ്പ് മേധാവികള്‍ നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. പൊതു സ്ഥലത്തുള്ള ചുമരുകളില്‍ പതിച്ച രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകള്‍ എടുത്തുമാറ്റണം. പോളിങ് ബൂത്തില്‍ നേതാക്കളുടെ ഫോട്ടോകള്‍, ചിഹ്‌നങ്ങള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട പോളിങ് സ്റ്റേഷനിലെ പ്രിസൈഡിങ്ങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാവുംവരെ മറച്ചുവയ്ക്കണം
Next Story

RELATED STORIES

Share it