ഏഴാം ശമ്പള കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു; 23.55% വര്‍ധന

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കേന്ദ്രജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ശുപാര്‍ശ ചെയ്യുന്ന ഏഴാം ശമ്പള കമ്മീഷന്‍ റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കമ്മീഷന്‍ അധ്യക്ഷന്‍ എ കെ മാഥൂറാണ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് സമര്‍പ്പിച്ചത്. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, മറ്റു ബത്തകള്‍ അടക്കം മൊത്തം 23.55 ശതമാനത്തിന്റെ വര്‍ധനയുണ്ടാകും.
ഉദ്യോഗസ്ഥതലത്തില്‍ പരമാവധി ശമ്പളം 2,25,000 രൂപയാക്കാനും കുറഞ്ഞ ശമ്പളം 18,000 രൂപയാക്കാനും ശുപാര്‍ശയുണ്ട്. നിലവില്‍ കേന്ദ്രജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 6600-7000 രൂപയായിരുന്നു. ഇതാണ് 18,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥതലത്തില്‍ പരമാവധി ശമ്പളം 80,000 രൂപയായിരുന്നു. ക്ഷാമബത്തയില്‍ 63 ശതമാനം വര്‍ധന ശുപാര്‍ശ ചെയ്യുന്ന റിപോര്‍ട്ടില്‍ പെന്‍ഷനില്‍ 24 ശതമാനം വര്‍ധനയ്ക്കാണ് ശുപാര്‍ശ ചെയ്യുന്നത്. കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ളവരുടെ ശമ്പളം രണ്ടര ലക്ഷം രൂപയാക്കാനും ശുപാര്‍ശയുണ്ട്. നിലവില്‍ ഇത് 90,000 രൂപയാണ്.
വിമുക്തഭടന്‍മാര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി എല്ലാ സൈനികര്‍ക്കും നല്‍കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. പുതിയ ശുപാര്‍ശ പ്രകാരം ശമ്പള വര്‍ധന നടപ്പാക്കിയാല്‍ സര്‍ക്കാരിന് 1,02,100 കോടി രൂപ ഇതിനായി നീക്കിവയ്‌ക്കേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടുവാടകബത്തയും വര്‍ധിക്കും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 ആക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെന്നാണ് സൂചന. പരിഷ്‌കരണം 2016 ജനുവരി 1ന് പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ നടപ്പാക്കണമെന്നാണ് ശുപാര്‍ശ. എന്നാല്‍, ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിക്കാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ജനുവരി മുതലുള്ള കുടിശ്ശിക ജീവനക്കാരുടെ പെന്‍ഷനില്‍ ലയിപ്പിക്കാനാണ് സാധ്യത.
2014ല്‍ യുപിഎ സര്‍ക്കാരാണ് ഏഴാം ശമ്പള കമ്മീഷനെ നിയോഗിച്ചത്. 18 മാസത്തിനകം റിപോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇതുപ്രകാരം കഴിഞ്ഞ ആഗസ്തില്‍ റിപോര്‍ട്ട് നല്‍കേണ്ടതായിരുന്നു. പിന്നീട് ഡിസംബര്‍ വരെ കാലാവധി നീട്ടിനല്‍കുകയായിരുന്നു. എ കെ മാഥൂറിനെ കൂടാതെ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ വിവേക് റേ, സാമ്പത്തിക ശാസ്ത്രജ്ഞന്‍ രതിന്‍ റേ എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷന്റെ സെക്രട്ടറി മീന അഗര്‍വാളാണ്.
ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് ആനുപാതികമായി പൊതുമേഖലാ സ്ഥാപനങ്ങളിലും ശമ്പള പരിഷ്‌കരണം ഉണ്ടാവും. ഐപിഎസ്, ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസ് ഉദ്യോഗസ്ഥരുടേതിന് സമാനമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
2008ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ആറാം ശമ്പള കമ്മീഷനില്‍ 35 ശതമാനം വര്‍ധനയായിരുന്നു ഉണ്ടായിരുന്നത്. കമ്മീഷന്‍ ശുപാര്‍ശകള്‍ യുപിഎ സര്‍ക്കാര്‍ അതേപടി നടപ്പാക്കിയിരുന്നു. 10 വര്‍ഷത്തില്‍ ഒരിക്കല്‍ ശമ്പള പരിഷ്‌കരണം നടത്തണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്.
2006 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ആറാം ശമ്പള കമ്മീഷന്റെ പരിഷ്‌കരണത്തിന് അംഗീകാരം നല്‍കിയിരുന്നത്. കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 6600 രൂപയും ഏറ്റവും ഉയര്‍ന്ന ശമ്പളമായ 90,000 രൂപ കാബിനറ്റ് സെക്രട്ടറിക്കും ലഭിക്കുന്നുണ്ട്. ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണയായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍.
Next Story

RELATED STORIES

Share it