ഏഴാം ഗതിനിര്‍ണയ ഉപഗ്രഹവും ഭ്രമണപഥത്തില്‍; ഇന്ത്യക്ക് ചരിത്രനേട്ടം

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ഏഴാമത്തേതും അവസാനത്തേതുമായ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്-1 ജി വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ പകല്‍ 12.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പിഎസ്എല്‍വി-സി 33 റോക്കറ്റിലായിരുന്നു വിക്ഷേപണം.
കപ്പല്‍ ഗതാഗതം, മൊബൈല്‍ വിവരവിനിമയം തുടങ്ങിയ മേഖലകളിലെല്ലാം നിര്‍ണായകമാവുന്നതാണ് ഐആര്‍എന്‍എസ്എസ്-1 ജി. മേഖലാ ഗതിനിര്‍ണയ സംവിധാനത്തില്‍പ്പെട്ട എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിയ സാഹചര്യത്തില്‍ ഇവയുടെ സംയുക്ത പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇന്ത്യ സ്വന്തമായി ഗതിനിര്‍ണയ ഉപഗ്രഹസംവിധാനമുള്ള രാജ്യമാവും.
സഞ്ചാരമാര്‍ഗങ്ങള്‍ക്കു വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യമാണ് ഇതോടെ ഇല്ലാതാവുക. ഇന്ത്യന്‍ റീജ്യനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം എന്ന ഐആര്‍എന്‍എസ്എസ് ഉപഗ്രഹ വിക്ഷേപണ പരമ്പരിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം 2013 ജൂലൈയിലാണ് ഭ്രമണപഥത്തിലെത്തിയത്. ആറാമത്തേത് കഴിഞ്ഞ മാര്‍ച്ച് 10നും. 12 വര്‍ഷം പ്രവര്‍ത്തനക്ഷമതയുള്ളതാണിവയെല്ലാം. 910 കോടി രൂപ ചെലവിലാണ് ഐഎസ്ആര്‍ഒയുടെ ഈ പദ്ധതി.
അമേരിക്ക, റഷ്യ, ചൈന, യൂറോപ്പ് തുടങ്ങിയവര്‍ക്കാണിപ്പോള്‍ സ്വന്തമായി ഗതിനിര്‍ണയ ഉപഗ്രഹ സംവിധാനമുള്ളത്. അമേരിക്കയുടെ ഗതിനിര്‍ണയ സംവിധാനമായ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) ആഗോളതലത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനക്ഷമത ഇന്ത്യക്ക് ചുറ്റും 1500 ചതുരശ്ര കിലോമീറ്റര്‍ ദൂരപരിധിയിലാണ്.
Next Story

RELATED STORIES

Share it