ഏറ്റുമുട്ടല്‍ കൊലകള്‍ അധികവും... ഉദ്യോഗക്കയറ്റത്തിനും അവാര്‍ഡിനും വേണ്ടി

ന്യൂഡല്‍ഹി: പണത്തിനും ഉദ്യോഗക്കയറ്റത്തിനും ബഹുമതിക്കും വേണ്ടി കരസേന വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ചതു സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ബ്ലഡ് ഓണ്‍ മൈ ഹാന്‍ഡ്‌സ്: കണ്‍ഫഷന്‍സ് ഓഫ് സ്റ്റേജ്ഡ് എന്‍കൗണ്ടേഴ്‌സ് എന്ന കൃതി വിവാദമാവുന്നു. ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രശസ്ത പത്രപ്രവര്‍ത്തകനായ കിഷാലയ് ഭട്ടാചാര്‍ജിയാണു രചിച്ചത്.
സായുധസേനാ വിശേഷാധികാര നിയമ (അഫ്‌സ്പ)ത്തിന്റെ തണലില്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ മഞ്ഞുകട്ടയുടെ തലപ്പു മാത്രമാണെന്നും മിലിറ്ററി ഇന്റലിജന്‍സിന്റെ ഫണ്ട് വ്യാപകമായി ഏറ്റുമുട്ടല്‍ നാടകങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നുവെന്നും ഭട്ടാചാര്‍ജി വെളിപ്പെടുത്തുന്നു. ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ തന്നെയാണ് സൈന്യത്തിന്റെ വഴിവിട്ട നടപടികളുടെ അന്തര്‍ രഹസ്യങ്ങള്‍ ഗ്രന്ഥകാരനു തുറന്നുകൊടുത്തതത്രേ. മണിപ്പൂരിലും അസമിലും നടന്ന ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ചാണ് പുസ്തകം ഏറെയും പരാമര്‍ശിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം നിയമലംഘനങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു. അസമിലും മണിപ്പൂരിലും ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് ആവശ്യമെങ്കില്‍ ആളുകളെ നല്‍കുന്ന ഏജന്‍സികള്‍ പ്രവര്‍ത്തിച്ചിരുന്നു.മൃതദേഹങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ടായിരുന്നു സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍. അസമില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെയാണ് സൈന്യം പിടികൂടി വെടിവച്ചുകൊന്നു പടമെടുത്തത്.
തെരുവുകളില്‍ നിന്ന് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയവര്‍ പിന്നീട് തിരിച്ചുവന്നതു പലപ്പോഴും ശവങ്ങളായിട്ടാണ്. ഏറ്റുമുട്ടല്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് കൊല്ലപ്പെടുന്ന 'കലാപകാരികളുടെ' എണ്ണത്തിനനുസരിച്ചാണ് ഉദ്യോഗക്കയറ്റവും ധീരതയ്ക്കുള്ള പതക്കങ്ങളും ലഭിച്ചിരുന്നത്. ചിലപ്പോള്‍ പോരാളികള്‍ കീഴടങ്ങുന്നതു തന്നെ വെറും നാടകമായിരിക്കും. പ്രതിഫലം വാങ്ങി, പോരാളി സംഘങ്ങളുമായി ബന്ധമില്ലാത്തവരാണ് കാശുവാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുക. വിവരങ്ങള്‍ നല്‍കിയ സൈനികോദ്യോഗസ്ഥന്റെ പേര് ഭട്ടാചാര്‍ജി വെളിപ്പെടുത്തിയിട്ടില്ല.
Next Story

RELATED STORIES

Share it