Kottayam Local

ഏറ്റുമാനൂര്‍ നഗരസഭ പിടിക്കാന്‍ ഇരുമുന്നണികളും

ഏറ്റുമാനൂര്‍: നഗരസഭയായി മാറിയ ഏറ്റുമാനൂര്‍ പിടിച്ചടക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് എ ല്‍.ഡി.എഫും യു.ഡി.എഫും. ഇരുമുന്നണികളെയും മാറി മാറി പരീക്ഷിക്കാറുള്ള ഏറ്റുമാനൂരില്‍ നിലവില്‍ ഭരണം നടത്തുന്നത് യു.ഡി.എഫാണ്. 1936 ല്‍ ഗ്രാമസമിതിയായി തുടക്കമിട്ട ഏറ്റുമാനൂരിലെ ആദ്യ പ്രസിഡന്റ് ചാണ്ടി വെള്ളാപ്പള്ളി ആയിരുന്നു. 27.81 ച.കി.മി വിസ്തീര്‍ണത്തില്‍ പേരുര്‍, ഏറ്റുമാനൂര്‍ വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചായത്തിലെ ജനസംഖ്യ 41216 ആണ്. കോട്ടയം നഗരസഭ, കിടങ്ങൂര്‍, അയര്‍കുന്നം, കാണക്കാരി, അതിരമ്പുഴ പഞ്ചായത്തുകളൂമായാണ് ഏറ്റുമാനൂര്‍ അതിര്‍ത്തി പങ്കിടുന്നത്.

പ്രശസ്തമായ ഏറ്റുമാനൂര്‍ മഹദേവക്ഷേത്രം നിലകൊള്ളുന്നത് ഏറ്റുമാനൂര്‍ നഗരത്തിലാണ്. ഗ്രാമപ്പഞ്ചായത്തിന്റെ 23 വാര്‍ഡുകള്‍ നഗരസഭ ആയപ്പോള്‍ 35 ആയി ഉയര്‍ന്നിട്ടുണ്ട്. 23 വാര്‍ഡുകളില്‍ നിലവില്‍ യു.ഡി.എഫ് 15 വാര്‍ഡുകളിലും എല്‍.ഡി.എഫ് എട്ട് വാര്‍ഡുകളിലുമാണ് വിജയിച്ചത്. അഞ്ചു വര്‍ഷക്കാലയളവിനിടെ മൂന്നുപേരാണ് ഏറ്റുമാനൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റുമാരായത്. കോണ്‍ഗ്രസിലെ ജയിംസ് തോമസ് ആദ്യ മൂന്നുവര്‍ഷം പ്രസിഡന്റായി. പിന്നീടുള്ള ഒരു വര്‍ഷം കോണ്‍ഗ്രസിലെ തന്നെ ബിജു കുമ്പിക്കലും പ്രസിഡന്റ് പദവി അലങ്കരിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജ് പുല്ലാട്ടാണ് നിലവില്‍ പ്രസിഡന്റ്.

ഏറ്റുമാനൂര്‍ നഗരസഭയുടെ ആദ്യ അധ്യക്ഷ പദവി ആര് എന്നതില്‍ രണ്ട് മുന്നണികളിലും ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. ജനസമ്മതിയുള്ള സ്ഥാനാര്‍ഥികളെ രംഗത്തിറക്കി നഗരഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. യു.ഡി.എഫില്‍ കോണ്‍ഗ്രസിനു പുറമെ കേരളാ കോണ്‍ഗ്രസാണ് നഗരപരിധിയിലെ പ്രധാനകക്ഷി. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് പുറമെ സി.പി.ഐയാണ് പ്രധാന കക്ഷി. ഇരുമുന്നണികള്‍ക്കും പുറമെ എസ്.ഡി.പി.ഐയും നഗരസഭയില്‍ മല്‍സരംഗത്തുണ്ട്.

ബി.ജെ.പിയും മിക്ക വാര്‍ഡുകളിലും മല്‍സരരംഗത്തുണ്ട്. മല്‍സ്യമാര്‍ക്കറ്റ്, കെ.എസ്.ആര്‍.ടി.സിയ്ക്ക് സ്ഥലം വിട്ടുകൊടുക്കല്‍ ജനറല്‍ വിഭാഗത്തിന്റെ പാര്‍പ്പിട പദ്ധതി തുടങ്ങിയ പദ്ധതികള്‍ ഭരണപക്ഷം തങ്ങളുടെ നേട്ടങ്ങളായി കണക്കാക്കുമ്പോള്‍ തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ജനങ്ങളെ കബളിപ്പിക്കുന്നതാണ് പാര്‍പ്പിട പദ്ധതിയെന്നും മറ്റുള്ളവയില്‍ സ്വജനപക്ഷപാതവും വമ്പന്‍ അഴിമതിയും പ്രതിപക്ഷം ആരോപിക്കുന്നു.
Next Story

RELATED STORIES

Share it