wayanad local

ഏജന്‍സികള്‍ ഫണ്ട് അനുവദിച്ചിട്ടും വന്യമൃഗപ്രതിരോധ പദ്ധതി നടപ്പായില്ല

സുല്‍ത്താന്‍ബത്തേരി: കേരള വനവികസന കോര്‍പറേഷനും (കെഎഫ്ഡിസി) നബാര്‍ഡും ഫണ്ട് അനുവദിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയ പദ്ധതി നടപ്പായില്ല. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കബനിപ്പുഴക്കും കന്നാരംപുഴക്കും സമാന്തരമായി നദീതീരത്തുകൂടി നിര്‍മിക്കാന്‍ തീരുമാനിച്ച വന്യമൃഗപ്രതിരോധ പ്രവര്‍ത്തിയാണ് രണ്ട് ഏജന്‍സികളും ഫണ്ട് അനുവദിച്ചിട്ടും നടപ്പാക്കാതെ പോയത്.
ജില്ലാ പഞ്ചായത്ത് മുഖേനയായിരുന്നു നബാര്‍ഡ് പദ്ധതി നടപ്പാക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. ആകെയുള്ള 17 കിലോമീറ്ററില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഒന്നാംഘട്ടത്തില്‍ ഏഴ്‌കോടി രൂപയാണ് നബാര്‍ഡ് അനുവദിച്ചത്. കഴിയുന്നത്ര സ്ഥലങ്ങളില്‍ വൈദ്യുതി ഷോക്ക് ലൈനും ബാക്കിയുള്ള ഇടങ്ങളില്‍ കാട്ടാന പ്രതിരോധ കിടങ്ങും നിര്‍മ്മിക്കാനായിരുന്നു ഫണ്ട് അനുവദിച്ചത്. കര്‍ണാടക വനത്തില്‍നിന്നും കന്നാരംപുഴക്ക് അപ്പുറം കേരളത്തിന്റെ വനത്തില്‍ നിന്നും കൃഷിയിടങ്ങളിലേക്ക് ഇറങ്ങിവരുന്ന വന്യമൃഗങ്ങളെ തടയുന്നതിന് വേണ്ടിയായിരുന്നു നബാര്‍ഡ് പദ്ധതി തയാറാക്കിയത്. എന്നാല്‍ കെഎഫ്ഡിസി പദ്ധതി ഏറ്റെടുത്ത് നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ നബാര്‍ഡ് പദ്ധതിയില്‍നിന്നും പിന്മാറി. ഇതേ പദ്ധതിതന്നെ കെഎഫ്ഡിസി ഇതേ സ്ഥലത്ത് നടത്തുന്നുണ്ടെന്ന് ജില്ലാ പഞ്ചയാത്ത് അധികൃതര്‍ നബാര്‍ഡിനെ അറിയിച്ചതോടെയാണ് നബാര്‍ഡ് പിന്മാറിയത്.
ഒമ്പത് കോടിയുടെ പദ്ധതിയായിരുന്നു കെഎഫ്ഡിസി കബനിതീരത്തും കന്നാരംപുഴയുടെ തീരത്തുമായി നടത്താന്‍ തീരുമാനിച്ചത്. സാധാരണ രീതിയിലുള്ള വൈദ്യുതി ഷോക്ക് ലൈനിന് പകരം ഷോക്ക് ലൈനില്‍ എട്ട് നിര കമ്പി വലിക്കാനും അതിനുശേഷം രണ്ട് നിര കമ്പി, വേലിയില്‍ കുറുകെ വലിക്കാനും അധികൃതര്‍ തീരുമാനിച്ചിരുന്നു. കമ്പി ഉറപ്പിക്കുന്ന പില്ലറുകള്‍ നിലത്ത് കുഴിയുണ്ടാക്കി കോണ്‍ക്രീറ്റ് ചെയ്ത് അതില്‍ ഉറപ്പിക്കുന്നതിനുമായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്. അതിന് പുറമെ ഓരോ 500 മീറ്ററിനും ഓരോ വാച്ചര്‍മാരെ നിയോഗിക്കാനും അറ്റകുറ്റപണികള്‍ അവര്‍ വഴി നടപ്പാക്കുന്നതിനും കെഎഫ്ഡിസി അധികൃതര്‍ തീരുമാനിച്ചിരുന്നു.
ഒന്നാംഘട്ടമെന്ന നിലയില്‍ പെരിക്കല്ലൂര്‍ മുതല്‍ മരക്കടവ് വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം ഒരു വര്‍ഷം മുമ്പ് കമ്പിവേലി ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം ഒരു തരത്തിലുമുള്ള പ്രവര്‍ത്തികളും നടത്തിയിട്ടില്ല. വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ പ്രദേശമാണ് പണി പൂര്‍ത്തിയാകാനുള്ള ഭാഗം.
Next Story

RELATED STORIES

Share it