ഏക സിവില്‍ കോഡ്: 44ാം വകുപ്പ് പിന്‍വലിക്കണമെന്ന് മുസ്‌ലിംലീഗ്

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ നിയമത്തെക്കുറിച്ചു പറയുന്ന ഭരണഘടനയിലെ 44ാം വകുപ്പ് പിന്‍വലിക്കണമെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.
ഏക സിവില്‍ കോഡ് സംബന്ധിച്ച് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ എപ്പോഴും ആശങ്ക ഉണ്ടാവാന്‍ കാരണമാവുന്ന 44ാം വകുപ്പ് എടുത്തു കളയാന്‍ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയതലത്തില്‍ മുസ്‌ലിം ലീഗ് തയ്യാറാക്കിയ ഒരു കോടിയോളം വരുന്ന ഒപ്പുവച്ച നിവേദനം അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു കൈമാറി.
ഇന്ത്യയുടെ സവിശേഷ നാനാത്വത്തിനും ഐക്യത്തിനും എതിരാണ് 44ാം വകുപ്പ് എന്ന് ഇതു സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസചമ്മേളനത്തല്‍ മുസ്‌ലിംലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. എല്ലാ മതവിഭാഗത്തിനും അവരുടെ മതാചാരങ്ങള്‍ മുറുകെപ്പിടിച്ചു ജീവിക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നത് മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയിലെ 25, 26 വകുപ്പുകള്‍ക്ക് എതിരാണ്.
ഓരോ മതവിശ്വാസിക്കും അവരവരുടെ മതം പ്രചരിപ്പിക്കാനും അതനുസരിച്ച് ജീവിക്കാനും അനുവാദം നല്‍കുന്നതാണ് ഈ വകുപ്പുകള്‍.
എന്നാല്‍ 44ാം വകുപ്പ് ഇത്തരം കാഴ്ചപ്പാടുകള്‍ക്കു വിരുദ്ധമാണ്. മുസ്‌ലിംകള്‍ പിന്തുടരുന്ന വ്യക്തിനിയമങ്ങള്‍ ഖുര്‍ആനും പ്രവാചക വചനങ്ങളുമാണ്. അവ പിന്തുടരല്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നതു മുസ്‌ലിംകള്‍ക്ക് അവരുടെ ശരീഅത്ത് അനുസരിച്ചു ജീവിക്കാനുള്ള സൗകര്യം ഇല്ലാതാക്കുമെന്നും അത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആലോചിക്കാന്‍ പോലും കഴിയാത്തതാണെന്നും അവര്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ഇ അഹമ്മദ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്‍, എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് പങ്കെടുത്തു.
Next Story

RELATED STORIES

Share it