ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് നിര്‍ദേശം നല്‍കാനാവില്ല

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കാനാവില്ലെന്ന് സുപ്രിംകോടതി. ഇക്കാര്യം ആവശ്യപ്പെട്ടു നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി.
ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് സര്‍ക്കാരിനു നിര്‍ദേശം നല്‍കാന്‍ കോടതിക്കു കഴിയില്ലെന്ന് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഏക സിവില്‍കോഡ് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ നടപ്പാക്കേണ്ടത് പാര്‍ലമെന്റാണ്. അതിനാല്‍, അതു വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം പാര്‍ലമെന്റിനാണ്. ഈ കീഴ്‌വഴക്കം മറികടന്ന് ഇത്തരമൊരു ഹരജി ഫയലില്‍ സ്വീകരിക്കുന്നതിനെതിരേ കോടതിക്കു കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഹരജിക്കാരനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് കോടതി പറഞ്ഞു.
ഇന്ത്യയില്‍ ക്രിമിനല്‍ കേസില്‍ എല്ലാവര്‍ക്കും ഒരേ നിയമമാണ് അനുശാസിക്കുന്നതെങ്കിലും വിവാഹം, വിവാഹമോചനം, അനന്തരാവകാശം പോലുള്ള സിവില്‍ കേസുകളില്‍ ഓരോ മതവിഭാഗങ്ങള്‍ക്കും വ്യത്യസ്ത നിയമമാണുള്ളത്. ഹിന്ദു വിവാഹനിയമം സ്വാതന്ത്ര്യത്തിനു ശേഷം പരിഷ്‌കരിക്കപ്പെട്ടു. എന്നാല്‍, മുസ്‌ലിം-ക്രിസ്ത്യന്‍ നിയമങ്ങള്‍ മാറ്റമില്ലാതെ ഇപ്പോഴും പിന്തുടരുകയാണ്. വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുകയാണ്. അതിനാല്‍ ക്രിമിനല്‍ നിയമം പോലെത്തന്നെ സിവില്‍ നിയമവും ഏകീകരിക്കുന്ന വിധത്തില്‍ ഏക സിവില്‍കോഡ് കൊണ്ടുവരാന്‍ കോടതി ഇടപെടണമെന്നായിരുന്നു ബിജെപി നേതാവ് അശ്വിന്‍ കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടത്.
മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെങ്കില്‍ അവര്‍ തന്നെ കോടതിയെ സമീപിക്കട്ടെയെന്നും ഇതുവരെ അങ്ങനെ ആരും ആരോപണം ഉന്നയിച്ചു വന്നിട്ടില്ലല്ലോയെന്നും ഹരജിക്കാരനോട് കോടതി ചോദിച്ചു.
മുസ്‌ലിം വ്യക്തിനിയമങ്ങള്‍ പക്ഷപാതപരവും മനുഷ്യത്വവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. എന്നാല്‍, ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇത്തരം വിഷയത്തില്‍ ബന്ധപ്പെട്ട സമുദായത്തില്‍ നിന്നുള്ള ഇരകളുടെ പരാതി ലഭിക്കാതെ ഇടപെടാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ചീഫ്ജസ്റ്റിസിനു പുറമെ എ കെ സിക്രി, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Next Story

RELATED STORIES

Share it