Pravasi

ഏകീകരിച്ച ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് : കേന്ദ്രസര്‍ക്കാര്‍ പദ്ധതി നീളുന്നു

ടിപി ജലാല്‍

മഞ്ചേരി: രാജ്യത്ത് ആദ്യമായി ഏകീകരിച്ച ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം നീളുന്നു. മിക്ക സംസ്ഥാനങ്ങളുടെയും പ്രധാന വരുമാന മാര്‍ഗമായതിനാല്‍ സംസ്ഥാന ഗതാഗത വകുപ്പ് ഇതിനോട് വിമുഖത പ്രകടിപ്പിക്കുന്നതാണ് പദ്ധതി നടപ്പാവാന്‍ പ്രധാന തടസ്സം. നിലവിലുള്ള ആര്‍ടി ഓഫിസുകള്‍ നിര്‍ത്തലാക്കിയാവും പകരം പുതിയ കേന്ദ്ര ഓഫിസുകള്‍ പ്രവര്‍ത്തിക്കുകയെന്നതും എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ഏകീകരണം നടപ്പായാല്‍ ഫീസ് വര്‍ധനയും മറ്റും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു അധികാരവുമുണ്ടാവില്ലെന്നതും എതിര്‍പ്പിനു കാരണമാവുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തുള്ളവര്‍ക്കും ഒരേ രീതിയിലുള്ള ഡ്രൈവിങ് ലൈസന്‍സ് പദ്ധതി കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ചര്‍ച്ചയ്ക്കു വന്നത്. ഇതിനായി പ്രത്യേക ബില്ല് പിന്നീട് മോദി സര്‍ക്കാര്‍ മാസങ്ങള്‍ക്കു മുമ്പ് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കു വച്ചു. എന്നാല്‍ ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും എതിര്‍പ്പ് രൂക്ഷമായതോടെ മാറ്റിവയ്ക്കുകയായിരുന്നു.
സംസ്ഥാനങ്ങള്‍ക്കു മാത്രമുള്ള പ്രത്യേക ലൈസന്‍സ് സംവിധാനമാണു നിലവിലുള്ളത്. ഇതുപ്രകാരം ഒരു സംസ്ഥാനത്തെ ലൈസന്‍സിന് മറ്റു സംസ്ഥാനങ്ങളില്‍ അംഗീകാരമില്ല. ഇതുമൂലം ലൈസന്‍സ് മാറ്റാന്‍ അതത് സംസ്ഥാനങ്ങളുടെ ആ ര്‍ടിഒമാര്‍ കനിയണം. എന്നാല്‍, ഏകീകരണ സംവിധാനം നിലവില്‍ വരുന്നതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ലെന്ന മെച്ചമുണ്ട്. ഏതു സംസ്ഥാനത്ത് ജോലിചെയ്യുന്നവര്‍ക്കും തങ്ങളുടെ സ്വദേശ വിലാസത്തില്‍ ലൈസന്‍സ് എടുക്കാനാവുമെന്നതാണ് പ്രധാന നേട്ടം. സംസ്ഥാനങ്ങള്‍ മാറുന്നതിനനുസരിച്ച് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ബാഡ്ജ് മാറ്റേണ്ട പ്രയാസവും ഇതോടെ ഇല്ലാതാവും. പദ്ധതി നടപ്പായാല്‍ ഭാവിയില്‍ വാഹന രജിസ്‌ട്രേഷന്‍ ഏകീകരിപ്പിക്കാനും സാധ്യതയുണ്ട്. കേന്ദ്രത്തിനു കീഴിലാവുന്നതോടെ നിയമങ്ങളും നൂലാമാലകളും വര്‍ധിക്കുകയും ഒപ്പം ലൈസന്‍സ് ലഭിക്കാന്‍ കാലതാമസം നേരിടേണ്ടി വരുമെന്നതാണ് ജനങ്ങള്‍ക്കുള്ള ആശങ്ക. കേന്ദ്ര സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. സര്‍ക്കാരുകളുടെ വരുമാനത്തിനു മേലുള്ള കൈയേറ്റമാണെന്നാണ് ബംഗാള്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ അഭിപ്രായം. കേരളവും ഇതിനെ എതിര്‍ത്തിട്ടുണ്ട്. ഇപ്പോഴുള്ള രീതിയില്‍ തന്നെ ലൈസന്‍സ് വിതരണം തുടരണമെന്നാണ് കേരള സര്‍ക്കാരിന്റെ തീരുമാനം. കുറ്റമറ്റ ഫെഡറല്‍ സംവിധാനത്തിലാണ് സംസ്ഥാനം കൈകാര്യം ചെയ്യുന്നത്. ഇതി ല്‍നിന്നുള്ള മാറ്റം അംഗീകരിക്കില്ലെന്ന് മാസങ്ങള്‍ക്കു മുമ്പ് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പുമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേരളത്തില്‍ സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it