kozhikode local

എ സോമന്റെ വേര്‍പാടിന് ഇന്ന് 15 വര്‍ഷം

സഫീര്‍ ഷാബാസ്

കോഴിക്കോട്: ഒരു പക്ഷേ, നമ്മുടെ സമകാലിക സാംസ്‌കാരിക സന്ദര്‍ഭത്തില്‍ ഒരു കോമാളി മനസ്സിനു മാത്രമേ സര്‍ഗാത്മകമാവാന്‍ കഴിയൂ എന്നു വന്നാലോ'. സര്‍ഗാത്മകതയെ സംബന്ധിച്ച ഉല്‍ക്കണ്ഠ എ സോമന്‍ പങ്കുവച്ചത് സാംസ്‌കാരിക വ്യവസായത്തിന്റെതായ മേഖലയില്‍നിന്നായിരുന്നു, കലകള്‍ വ്യവസായവല്‍ക്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച മൂല്യനിരാസത്തിന്റെതായ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്.
സമഗ്രാധിപത്യ ഭരണവ്യവസ്ഥ അടിച്ചേല്‍പ്പിക്കുന്ന മറവി എന്ന രോഗത്തെ മറികടക്കാന്‍ നൈതിക ജാഗ്രതയുടെതായ രാഷ്ട്രീയം രൂപപ്പെടേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട്. എ സോമന്‍ എന്ന സാംസ്‌കാരിക ചിന്തകന്‍ വീണ്ടും ഓര്‍മയില്‍ വരുന്നത് അധികാരപ്രമത്തതയുടെതായ രാഷ്ട്രീയത്തില്‍ നിന്നാണ്. ഫാഷിസത്തിന്റെ അടിവേരുകളെ പുറത്തു കൊണ്ടുവരുന്നതില്‍ സോമനോളം ജാഗരൂകനായിരുന്ന ഒരു എഴുത്തുകാരന്‍ മലയാളത്തില്‍ വിരളം. സോമന് സാംസ്‌കാരിക പ്രവര്‍ത്തനമെന്നാല്‍ ഫാഷിസത്തിന്റെ നിഗൂഢ സാന്നിധ്യത്തെ തേടിയുള്ള രാഷ്ട്രീയ അന്വേഷണമായിരുന്നു. സിനിമ, സാഹിത്യം, ചിത്രകല... തുടങ്ങിയ ഭാവനാസൃഷ്ടികളെയെല്ലാം അദ്ദേഹം നിര്‍ദ്ധാരണം ചെയ്തത് ഈയൊരു പരിപ്രേക്ഷ്യത്തില്‍നിന്നുകൊണ്ടു തന്നെ. ഒരേ സമയം ആക്ടിവിസ്റ്റും ഇന്റലക്ച്വലുമായിരുന്നു അദ്ദേഹം. എണ്‍പതുകളുടെ തീവ്രമായ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഒരു സന്ദേഹിയുടെ ആത്മസംഘര്‍ഷവുമായായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. വ്യാകുലതയുടെ- ആകുലതയുടെ എഴുത്തുകാരനായി അദ്ദേഹത്തെ വിശേഷിപ്പിക്കാം. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സോമന്‍ നക്‌സല്‍ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച നൈതിക മൂല്യങ്ങളില്‍ ആകൃഷ്ടനായാണ് സാംസ്‌കാരിക വേദിയുമായി ബന്ധപ്പെടുന്നത്.
എന്നാല്‍, അതിന്റെ ഉന്മൂലന സിദ്ധാന്തത്തോട് ഒട്ടും ആഭിമുഖ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥ ഫലപ്രദമായി നേരിടുന്നതില്‍ സിപിഎം പരാജയമായിരുന്നുവെന്ന് സോമന്‍ നിരീക്ഷിച്ചു. 1980ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഴിമതിക്കാരായ ഡോക്ടര്‍മാര്‍ക്കെതിരേ നടന്ന ജനകീയ വിചാരണയുടെ സൂത്രധാരനായിരുന്നു അദ്ദേഹം. ഇടപെട്ട മേഖലയിലെല്ലാം പുലര്‍ത്തിയ ആര്‍ജവമാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയത്. ദലിത് സാഹിത്യം വളരേണ്ടതിന്റെ ആവശ്യകത സോമന്‍ അവസാനകാലത്ത് നിരന്തരം പറഞ്ഞിരുന്നതായി സുഹൃത്തും കവിയുമായ ആര്‍ മോഹന്‍ അനുസ്മരിക്കുന്നു. വര്‍ഗീയ ഫാഷിസത്തെക്കുറിച്ച് കര്‍ക്കശമായ രാഷ്ട്രീയനിലപാടുകളുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോലും പലപ്പോഴും വാക്കുകളുടെയും ബിംബങ്ങളുടെയും കാര്യത്തില്‍ കണിശത പുലര്‍ത്താറില്ലെന്ന് സോമന്‍ നിരീക്ഷിച്ചു. കോളജ് അധ്യാപകനായിരിക്കെ 46ാം വയസ്സിലായിരുന്നു അന്ത്യം. കേവലം 25 വര്‍ഷം നീണ്ട സാംസ്‌കാരിക ജീവിതത്തില്‍ പുറത്തുവന്ന സൃഷ്ടികളെല്ലാം ചിന്തയുടെ കാതലുള്ളവ. ഒരു എഴുത്തുമേശയുടെ ആഡംബരമില്ലാതെ ചാണകംതേച്ച വെറുംനിലത്ത് കുനിഞ്ഞ് അന്തമില്ലാതെ ബീഡിയൂതി ചങ്കുപൊള്ളിച്ച് കുനുകുനെ കുറിച്ചിട്ടവയെന്ന് സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ എന്‍ കെ രവീന്ദ്രന്‍. കവിത, ചെറുകഥ, അഭിമുഖം, അവതാരിക, നാടകം, തിരക്കഥ, അനുഭവക്കുറിപ്പുകള്‍, വിവര്‍ത്തനം, ഇംഗ്ലീഷിലെഴുതിയ ലേഖനങ്ങള്‍ എന്നിവ ഇനിയും സമാഹരിക്കപ്പെട്ടില്ല. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ക്രോഡീകരിച്ച് സുഹൃദ്‌സംഘം പ്രസിദ്ധീകരിച്ച 'ചോദ്യങ്ങള്‍ ഇടപെടലുകള്‍' എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന്റെതായി ഉള്ളത്.
പാശ്ചാത്യ ചിന്തയിലെ അവഗാഹംകൊണ്ടാണ് സോമന്‍ ദലിത് സ്വത്വത്തെ മറികടന്നതെന്നു പറയാം. സാമ്പ്രദായിക മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി.രാഷ്ട്രീയ ചിന്തകന്‍ എന്ന നിലയില്‍ ഏറ്റെടുത്ത സാംസ്‌കാരിക ദൗത്യമാണ് എ സോമനെ കാലാതീതമാക്കുന്നത്. പ്രഫ. എം എന്‍ വിജയന്റെ, ഡോ. ടി കെ രാമചന്ദ്രന്റെ ശ്രേണിയില്‍ സോമന്റെ പേരും ഫാഷിസ്റ്റ് പ്രതിരോധ മുന്നണിയില്‍ എക്കാലത്തും ചേര്‍ത്തുവായിക്കാം.
Next Story

RELATED STORIES

Share it