എ സി ജോസ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ എ സി ജോസ് (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
എറണാകുളം ഇടപ്പള്ളി അമ്പാട്ട് ചാക്കോയുടെ മകനായി 1937 ഫെബ്രുവരി അഞ്ചിന് ജനിച്ച എ സി ജോസ് കോണ്‍ഗ്രസ് വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണു കേരള രാഷ്ട്രീയത്തിന്റെ നേതൃനിരയില്‍ എത്തിയത്. കേരള വിദ്യാര്‍ഥി യൂനിയന്റെ രണ്ടാമത്തെ സംസ്ഥാന പ്രസിഡന്റായിരുന്നു. എ കെ ആന്റണി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായപ്പോള്‍ സംസ്ഥാന ഖജാഞ്ചിയായി.
കോണ്‍ഗ്രസ്സിന്റെ ട്രേഡ് യനിയന്‍ രംഗത്ത് സജീവമായിരുന്നു. അറുപതോളം സംഘടനകളുടെ പ്രസിഡന്റുമായി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും എഐസിസി അംഗവുമായിരുന്നു. 1969ല്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറായി. 1972ല്‍ കോര്‍പറേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. പറവൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ നിയമസഭാംഗമായിരുന്നു. പറവൂരില്‍ ശിവന്‍പിള്ളയോട് 123 വോട്ടിന് തോറ്റെങ്കിലും കേസിനെത്തുടര്‍ന്ന് റീ പോളിങിലൂടെ വിജയിച്ചു.
1982ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ സ്പീക്കറായി. 1982 ഫെബ്രുവരി മൂന്നു മുതല്‍ ജൂണ്‍ 23 വരെയാണ് സ്പീക്കറായത്. നിയമസഭയില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും തുല്യമായ സീറ്റുകള്‍ ഉണ്ടായിരുന്ന അവസരത്തില്‍ കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തി ചരിത്രത്തില്‍ ഇടംനേടി. 1996ല്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തി. പിന്നീട് മുകുന്ദപുരം മണ്ഡലത്തില്‍ പി ഗോവിന്ദപ്പിള്ളയുമായി ഏറ്റുമുട്ടി വിജയം നേടി. മൂന്നാംവട്ടം തൃശൂരില്‍ വി വി രാഘവനെ തേല്‍പ്പിച്ചു. 2005 മുതല്‍ മൂന്നുവര്‍ഷം കയര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. നിലവില്‍ വീക്ഷണം മാനേജിങ് ഡയറക്ടറാണ്. പ്രഫ. ലീലാമ്മയാണു ഭാര്യ. മക്കള്‍: സുനില്‍ ജേക്കബ് ജോസ്, സിന്ധ്യ പാറയില്‍, സ്വീന്‍ ജോസ് അമ്പാട്ട്, സലില്‍ ജോസ്. സഹോദരങ്ങള്‍: മുന്‍ കേന്ദ്രമന്ത്രി എ സി ജോര്‍ജ്, ജോണ്‍ സി അമ്പാട്ട്, കമഡോര്‍ എ സി അവറാച്ചന്‍, ഏലിക്കുട്ടി, ആനി റോബര്‍ട്ട്, ഓമന, ത്രേസ്യാമ്മ, സിസിലി.
എ സി ജോസിന്റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അനുശോചിച്ചു.
Next Story

RELATED STORIES

Share it