എ ബി ബര്‍ദന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അര്‍ധേന്ദു ഭൂഷണ്‍ ബര്‍ദന്‍ എന്ന എ ബി ബര്‍ദന്‍ (92) അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡിസംബര്‍ 7നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നില മെച്ചപ്പെട്ടിരുന്നുവെങ്കിലും ഒരു വശം പൂര്‍ണമായി തളര്‍ന്നതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. ഓര്‍മശക്തിയും നഷ്ടപ്പെട്ടിരുന്നു.
1924 സപ്തംബര്‍ 24ന് ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബംഗാള്‍ പ്രവിശ്യയിലെ ബറിസാല്‍ പ്രദേശത്ത് ജനിച്ചു. രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയ ബര്‍ദന്‍ 1957ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്നു സ്വതന്ത്രനായി മല്‍സരിച്ചു വിജയിച്ചു. 1967, 80 വര്‍ഷങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാഗ്പൂരില്‍ നിന്നു മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990ഓടെ അദ്ദേഹം തന്റെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്കു മാറ്റി. തുടര്‍ന്ന് സിപിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദവി അലങ്കരിച്ചു. പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ 1964ലും എക്‌സിക്യൂട്ടീവില്‍ 1978ലും അംഗമായി. പിന്നീട് ഇന്ദ്രജിത് ഗുപ്തയ്ക്കു ശേഷം 1996ല്‍ സിപിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രായം അവഗണിച്ചു രാഷ്ട്രീയരംഗത്തു സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം 2012ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു ശേഷവും ഡല്‍ഹി കേന്ദ്രീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
നാഗ്പൂര്‍ യൂനിവേഴ്‌സിറ്റി പ്രഫസറായിരുന്ന ഭാര്യ പത്മ ദേവ് 1986ല്‍ അന്തരിച്ചു. മക്കള്‍: പ്രഫ. അശോക് ബര്‍ദന്‍, ഡോ. അല്‍ക ബറുവ. ഇന്ന് സിപിഐ ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നിഗംബോധ് ഘട്ടില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it