palakkad local

എ പി വിഭാഗത്തിന്റെ എതിര്‍പ്പ് ഫലം കണ്ടില്ല; മണ്ണാര്‍ക്കാട് ഷംസുദ്ദീന് ചരിത്രവിജയം

മണ്ണാര്‍ക്കാട്: എപി വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പും എതിര്‍പ്രചാരണങ്ങളും മൂലം സംസ്ഥാനത്തു ശ്രദ്ധേയ പോരാട്ടം നടന്ന മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എന്‍ ഷംസുദ്ദീന് മിന്നും ജയം. 12,325 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷംസുദ്ദീന്‍ തന്റെ രണ്ടാമത് നിയമസഭാ അംഗത്വം ഉറപ്പിച്ചത്.
1967ല്‍ സിപിഎമ്മിലെ ഇമ്പിച്ചിക്കോയ നേടിയ 11,896 ഭൂരിപക്ഷത്തെ മറികടന്നാണ് ഷംസുദ്ദീന്‍ മികച്ച വിജയം നേടിയത്. ഇവിടെ ഷംസുദ്ദീനെതിരേ വീടുകള്‍ തോറും കയറിയിറങ്ങി എപി വിഭാഗം പ്രചാരണം നടത്തിയിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പേരെടുത്ത് പറഞ്ഞ് തോല്‍പ്പിക്കാനാവശ്യപ്പെട്ട സ്ഥാനാര്‍ഥി കൂടിയായിരുന്നു ഷംസുദ്ദീന്‍. ഇതിനിടയിലും മണ്ണാര്‍ക്കാടിന്റെ 1951 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 12,325 വോട്ടിന്റെ ലീഡോടെയാണ് എതിര്‍പ്പുകളെ അതിജീവിച്ച് ഷംസുദ്ദീന്‍ വെന്നിക്കൊടി പാറിച്ചത്.
ഷംസുദ്ദീന്റെ കന്നിയങ്കമായ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 8,270 വോട്ടിനായിരുന്നു വിജയിച്ചത്. യുഡിഎഫിന്റെയും മുസ്‌ലിംലീഗ് നേതൃത്വത്തിന്റെയും കണക്കുകളേയും മറികടക്കുന്ന ഭൂരിപക്ഷമാണ് മണ്ഡലത്തിലുണ്ടായിരിക്കുന്നത്. 5000ല്‍ കുറഞ്ഞ ഭൂരിപക്ഷമാണ് പോളിങിന് ശേഷം സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപോര്‍ട്ടില്‍ മണ്ഡലം കമ്മിറ്റി കാണിച്ചിരുന്നത്.
അട്ടപ്പാടിയില്‍ എല്‍ഡിഎഫ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു സമാനമായ ലീഡ് നിലനിര്‍ത്തുമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, അതെല്ലാം അട്ടിമറിച്ചാണ് ലീഡ് നില ഉയര്‍ന്നത്. കൂടാതെ യുഡിഎഫിനൊപ്പം എന്നും നില്‍ക്കുന്ന എടത്തനാട്ടുകര മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള പ്രദേശങ്ങളിലെ ലീഡ് വര്‍ധിപ്പിക്കാനും ഐക്യമുന്നണിക്ക് കഴിഞ്ഞു. ആകെ പോള്‍ചെയ്ത 1,47,869 വോട്ടില്‍ ഷംസുദ്ദീന്‍ 73,163ഉം, എല്‍ഡിഎഫിലെ കെ പി സുരേഷ് രാജ് 60,838 വോട്ടും നേടി.
മണ്ണാര്‍ക്കാട് നടപ്പാക്കിയ കുന്തിപ്പുഴ പാലമുള്‍പ്പെടെയുള്ള പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം ഉയര്‍ത്തികാട്ടി നടത്തിയ പ്രചാരണത്തില്‍ രാഷ്ട്രീയത്തിന് അധീതമായുള്ള വോട്ടുകളും ഷംസുദ്ദീന് നേടാനായി. അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകള്‍, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നി ന്നു മാത്രമായി 13,858 വോട്ടിന്റെ ലീഡ് നേടിയ ഷംസുദ്ദീന്‍ ഇടതുപക്ഷം സാധാരണ മുന്നില്‍ നില്‍ക്കുന്ന തെങ്കര പഞ്ചായത്തിലും 127 വോട്ടിന്റെ ലീഡ് നേടി. ഇടതുമുന്നണി വന്‍ നേട്ടമുണ്ടാക്കുമെന്ന് കരുതിയ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളില്‍ അഗളിയില്‍ 1200ലധികം വോട്ടുകള്‍ യുഡിഎഫ് ലീഡ് ചെയ്തു. പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ ആയിരത്തോളം വോട്ടുകളുടെ ലീഡ് മാത്രമാണ് മണ്ഡലത്തില്‍ ഇടതിന് നേടാനായത്.
വോട്ട് എണ്ണുന്നതിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് ഷംസുദ്ദീന്‍ വിജയം കൈവരിച്ചത്. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി മല്‍സരിച്ച ബിഡിജെഎസിന് 10,170 വോട്ടുകളാണ് നേടാനായത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് മല്‍സരിച്ചപ്പോള്‍ മണ്ഡലത്തില്‍ നിന്ന് 14,361 വോട്ട് കരസ്ഥമാക്കിയിരുന്നു.
Next Story

RELATED STORIES

Share it