എ ആര്‍ രാജരാജവര്‍മ സ്മാരക അവാര്‍ഡ് എം ടി വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു

കോഴിക്കോട്: കേരള പാണിനി എ ആര്‍ രാജരാജവര്‍മയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ എ ആര്‍ സ്മാരക അവാര്‍ഡ് മലയാളത്തിന്റെ പുണ്യം എം ടി വാസുദേവന്‍നായര്‍ക്ക് കോഴിക്കോട് ദേവഗിരി കോളജില്‍ വച്ച് സാംസ്‌കാരികമന്ത്രി കെ സി ജോസഫിന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചു. 50,000 രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. മലയാളഭാഷയ്ക്ക് എ ആര്‍ രാജരാജവര്‍മയുടെ സംഭാവനകള്‍ ഒരിക്കലും മറക്കാനാവില്ലെന്ന് അവാര്‍ഡ് സമ്മാനിച്ച് മുഖ്യമന്ത്രി പറഞ്ഞു.
മലയാളം ഔദ്യോഗിക ഭാഷയാക്കുകയും മലയാള സര്‍വകലാശാല സ്ഥാപിക്കുകയും ഇതര സംസ്ഥാനങ്ങളിലും മറ്റും മലയാളം പഠിക്കാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്തതില്‍ മുഖ്യമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. അവാര്‍ഡ് അര്‍ഹിക്കുന്ന ആള്‍ക്കു തന്നെ ലഭിച്ചതില്‍ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. നോവലുകള്‍, ചെറുകഥകള്‍, തിരക്കഥകള്‍ തുടങ്ങിയവ മനുഷ്യത്വപരമായി അവതരിപ്പിക്കാനും മനുഷ്യന്റെ അവസ്ഥകള്‍ക്ക് തന്റെ രചനയിലൂടെ ഒരു മാറ്റമുണ്ടാക്കാനും എംടിക്കു കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. എംടിയുടെ ഓരോ രചനയ്ക്കും ജീവിതവുമായി ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു. എ ആര്‍ രാജരാജവര്‍മയുടെ ഓര്‍മകള്‍ നിലനിര്‍ത്താന്‍ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയതിലൂടെ സാധിച്ചിരിക്കുകയാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി എം കെ മുനീര്‍ പറഞ്ഞു. എആറിന്റെ പേരിലുള്ള ആദ്യ അവാര്‍ഡ് എംടി വാങ്ങിയതിലൂടെ അവാര്‍ഡിന്റെ മൂല്യവും വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എം കെ രാഘവന്‍ എംപി, ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക്, ഡോ. മണ്ടക്കാല ഗോപാലകൃഷ്ണന്‍, ആനി വര്‍ഗീസ്, ജെ ഉണ്ണികൃഷ്ണന്‍, ഡോ. സിബിച്ചന്‍, എം തോമസ് സംസാരിച്ചു.
മലയാള സാഹിത്യത്തിന് പുതുയുഗം സൃഷ്ടിച്ച എ ആര്‍ രാജരാജവര്‍മയുടെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് എംടി പറഞ്ഞു. ബ്രിട്ടിഷുകാരുടെ കാലഘട്ടത്തില്‍ മദിരാശി സര്‍ക്കാരിന്റെ കീഴില്‍ മലയാളം പഠിക്കാന്‍ സൗകര്യം കുറവായിരുന്നു. എന്നാല്‍, മലയാളം ഔദ്യോഗികഭാഷയാക്കുകയും മലയാള സര്‍വകലാശാല തുടങ്ങുകയും ചെയ്‌തെങ്കിലും പാഠശാലകളില്‍നിന്നു മലയാളം അന്യമായിക്കൊണ്ടിരിക്കുന്നതില്‍ വിഷമമുണ്ടെന്നും എംടി പറഞ്ഞു. പാഠ്യവിഷയങ്ങളില്‍ മലയാള സാഹിത്യത്തിന് പ്രഥമസ്ഥാനം നല്‍കണം. ഇന്നത്തെ കംപ്യൂട്ടര്‍ യുഗത്തില്‍ വായന കുട്ടികളില്‍നിന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഉത്തരവാദപ്പെട്ടവര്‍ മലയാളഭാഷയ്ക്ക് പ്രാധാന്യം കൊടുക്കാന്‍ ശ്രമിക്കണമെന്നും എം ടി വാസുദേവന്‍നായര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it