എസ് ശര്‍മ പ്രോടേം സ്പീക്കര്‍; സ്പീക്കര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ മൂന്നിന്

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ പ്രോടേം സ്പീക്കറായി വൈപ്പിനില്‍നിന്നുള്ള സിപിഎം പ്രതിനിധി എസ് ശര്‍മ എംഎല്‍എ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ 10ന് രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി സംബന്ധിച്ചു. മുന്‍ മന്ത്രിയായ ശര്‍മ നിയമസഭയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളാണ്. ജൂണ്‍ രണ്ടിന് പ്രോടേം സ്പീക്കര്‍ക്ക് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക.
സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തവും ശര്‍മയ്ക്കു തന്നെ. ജൂണ്‍ മൂന്നിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. പൊന്നാനിയില്‍നിന്നുള്ള സിപിഎം പ്രതിനിധി പി ശ്രീരാമകൃഷ്ണനാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. സിപിഐയുടെ ചിറയിന്‍കീഴ് എംഎല്‍എ വി ശശി ഡെപ്യൂട്ടി സ്പീക്കറായും മല്‍സരിക്കും.
അതേസമയം, പ്രതിപക്ഷത്തുനിന്നു സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരിക്കണോ വേണ്ടയോ എന്ന് നാളെ ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം തീരുമാനിക്കും.
ജൂണ്‍ 24ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കമാവും. ജൂലൈ എട്ടിന് ധനമന്ത്രി തോമസ് ഐസക് എല്‍ഡിഎഫ് മന്ത്രിസഭയുടെ ആദ്യബജറ്റ് അവതരിപ്പിക്കും. ജൂലൈ അവസാനവാരം വരെ നിയമസഭാസമ്മേളനം തുടരും.
Next Story

RELATED STORIES

Share it