എസ്.ഐ. നിയമനം: റാങ്ക്‌ലിസ്റ്റ് സുപ്രിംകോടതി ശരിവച്ചു

സ്വന്തംപ്രതിനിധി

ന്യൂഡല്‍ഹി: സബ് ഇന്‍സ്‌പെക്ടര്‍ (എസ്.ഐ.) നിയമനത്തിന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) തയ്യാറാക്കിയ 2013ലെ റാങ്ക്‌ലിസ്റ്റ് സുപ്രിംകോടതി ശരിവച്ചു. റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും അതു ശരിവച്ച ഹൈക്കോടതിയുടെയും ഉത്തരവുകള്‍ സുപ്രിംകോടതി റദ്ദാക്കി. ഇതോടെ 2013ലെ റാങ്ക്‌ലിസ്റ്റ് പ്രകാരം നിയമനങ്ങളുമായി പി.എസ്.സിക്കു മുന്നോട്ടുപോവാനാവും.2007ല്‍ നടന്ന പ്രാഥമിക പരീക്ഷയുടെയും മുഖ്യ പരീക്ഷയുടെയും അടിസ്ഥാനത്തില്‍ പൊതുപട്ടികയും സംവരണവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് കട്ട്ഓഫ് മാര്‍ക്ക് കുറച്ചു തയ്യാറാക്കിയ പട്ടികയും ചേര്‍ത്ത് 2013ലാണ് പി.എസ്.സി. എസ്.ഐ. നിയമനത്തിനുള്ള എകീകൃത പട്ടിക പുറത്തിറക്കിയത്.

എന്നാല്‍, സംവരണ നിയമങ്ങള്‍ പാലിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നാരോപിച്ച് ചില ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റാങ്ക്‌ലിസ്റ്റ് റദ്ദാക്കുകയായിരുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. പട്ടിക പുനക്രമീകരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തുടര്‍ന്നാണ് ഉദ്യോഗാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിച്ചത്.

പ്രാഥമിക പട്ടികയിലും അന്തിമ പട്ടികയിലും സംവരണം നല്‍കിയിട്ടുണ്ടെന്നും ഒരു നിയമനത്തിനായി ഇരട്ട സംവരണം അനുവദിക്കാന്‍ പാടില്ലെന്നുമായിരുന്നു നിയമനത്തെ എതിര്‍ക്കുന്ന ഉദ്യോഗാര്‍ഥികളുടെ പ്രധാന വാദം. എന്നാല്‍, പരിശീലനം നല്‍കുന്നതിനിടെയാണ് ലിസ്റ്റ് റദ്ദാക്കിയതെന്നും അതിനാല്‍ തങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായെന്നും പട്ടികയില്‍ ഇടംനേടിയ ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. സംവരണവിഭാഗത്തിന് നിശ്ചയിച്ച കട്ട്ഓഫ് മാര്‍ക്കിനേക്കാള്‍ കൂടുതല്‍ നേടിയ ഉദ്യോഗാര്‍ഥികള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയില്‍ ഉള്‍പ്പെടുന്നവരാണെങ്കിലും അവര്‍ക്ക് പൊതുവിഭാഗത്തില്‍ തന്നെ നിയമനം നല്‍കാമെന്ന് ഇതുസംബന്ധിച്ച മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it