എസ്.എന്‍.ഡി.പി സര്‍ക്കാര്‍ പദവികള്‍ ഒഴിയണം : സുധീരന്‍

തിരുവനന്തപുരം: യു.ഡി.എഫ്. നല്‍കിയ സ്ഥാനങ്ങളിലിരുന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എസ്.എന്‍.ഡി.പി. നേതാക്കള്‍ സ്ഥാനമാനങ്ങള്‍ ഒഴിയുന്നതാണ് ഔചിത്യവും മര്യാദയുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാ ഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എന്‍.ഡി.പി. നേതൃത്വം ബി.ജെ.പിയുമായി ചേര്‍ന്ന് വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ വിലപ്പോവില്ല. എസ്.എന്‍.ഡി.പി. അണികളിലും ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ശ്രീനാരായണധര്‍മം പ്രചരിപ്പിക്കുകയാണ് യോഗത്തിന്റെ ധര്‍മം. അല്ലാതെ സംഘപരിവാര ധര്‍മപ്രചാരണമല്ല.

ഇക്കാര്യം എസ്.എന്‍.ഡി.പി. നേതൃത്വത്തിനുതന്നെ മനസ്സിലായിട്ടുണ്ട്. ഇത്തരം നടപടികളുമായി എസ്.എന്‍.ഡി.പി. മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി എതിര്‍ക്കും. ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഒരു തര്‍ക്കവുമില്ല. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയശൈലിയിലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. അത് ഒരാളെ വ്യക്തിപരമായി ആക്രമിച്ചല്ല, മറിച്ച്, ആശയാധിഷ്ഠിതമായ ശൈലിയിലാണ് നേരിടുക. വ്യക്തിവിരോധം സി.പി.എമ്മിന്റെ ശൈലിയാണ്. മൈക്രോഫിനാന്‍സ് സംബന്ധിച്ച വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങളില്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it