എസ്.എന്‍.ഡി.പി-ബി.ജെ.പി. ബന്ധം; ഉമ്മന്‍ചാണ്ടിയുടെ മൗനം ദുരൂഹം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: എസ്. എന്‍. ഡി.പി-ബി.ജെ.പി. ബന്ധത്തി ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൗനം ദുരൂഹമാണെന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രസ്‌ക്ലബ്ബിന്റെ ജനഹിതം 2015 എന്ന സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ക്കണ്ട് എസ്. എന്‍. ഡി.പിയെ ഉപയോഗിച്ച് ബി. ജെ.പിയുമായി രഹസ്യകൂട്ടുകെട്ടുണ്ടാക്കാന്‍ യു.ഡി.എഫ്. ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. എസ്.എന്‍.ഡി.പി-ബി.ജെ.പി. ബന്ധത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് യു.ഡി.എഫ്. ഉന്നതാധികാരസമിതി അംഗം എ എന്‍ രാജന്‍ബാബുവാ ണ്. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് രാജന്‍ബാബു പ്രവര്‍ത്തിക്കുന്നത്. പുതിയ രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ട നിയമോപദേശം നല്‍കിയതും രാജന്‍ബാബുവാണ്.

യു.ഡി.എഫിന്റെ അനുവാദത്തോടെയല്ലെങ്കില്‍ രാജന്‍ബാബുവിനെ നേരത്തെതന്നെ പുറത്താക്കുമായിരുന്നു. എസ്.എന്‍.ഡി.പിയെ സംഘപരിവാര തൊഴുത്തില്‍ കെട്ടാനുള്ള നീക്കത്തിനെതിരേ വി എം സുധീരന്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് അര്‍ഥഗര്‍ഭമായ മൗനമാണെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ വര്‍ഗീയധ്രൂവീകരണത്തിനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഇതിനെതിരേ സി.പി.എം. ശക്തമായി രംഗത്തുണ്ടാവും. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണ്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണം. ശാശ്വതീകാനന്ദയുടെ മരണത്തില്‍ നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തേ അന്വേഷണഘട്ടത്തില്‍ വെളിപ്പെടാത്ത രഹസ്യങ്ങളാണ് ബിജുരമേശ് വി എസിന് കൈമാറിയിരിക്കുന്നത്. പ്രത്യേക ടീമീനെ നിയമിച്ച് സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി വസ്തുതകള്‍ തെളിയിക്കണം. അതിനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. വെള്ളാപ്പള്ളിക്കെതിരേ ആരോപിക്കപ്പെട്ട മൈക്രോ ഫിനാന്‍സ് അഴിമതിയെക്കുറിച്ചും അന്വേഷണം വേണമെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it