'എസ്.എന്‍.ഡി.പിയെ തീറെഴുതാന്‍ അനുവദിക്കില്ല'

കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരേ സംഘടനയ്ക്കകത്തു ശക്തമായ പ്രതിഷേധം. സംഘപരിവാര സംഘടനകള്‍ക്ക് എസ്.എന്‍.ഡി.പിയെ തീറെഴുതിക്കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് എസ്.എന്‍.ഡി.പി. മുന്‍ ഭരണസമിതി അംഗങ്ങളുടെ യോഗം. എറണാകുളം ശിക്ഷക് സദനില്‍ ചേര്‍ന്ന യോഗത്തിന് എസ്.എന്‍.ഡി.പി. ട്രസ്റ്റ് മുന്‍ ജില്ലാ ഭാരവാഹികളായ കെ ഗോപിനാഥന്‍, കാവിയാട് മാധവന്‍കുട്ടി, തലശ്ശേരി കെ പി രത്‌നാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 1996 മുതല്‍ എസ്.എന്‍. ട്രസ്റ്റിലും എസ്.എന്‍. കോളജ് സ്‌കൂളുകളിലും എസ്.എന്‍.ഡി.പി. ട്രസ്റ്റ് നടത്തിയ അധ്യാപക-അനധ്യാപക നിയമനങ്ങളിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടും.

എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തദ്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട യോഗം വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവരുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനിച്ചു. സംഘപരിവാര സംഘടനയുമായി ചേര്‍ന്നുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രവര്‍ത്തനങ്ങള്‍ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണെന്നു യോഗം കുറ്റപ്പെടുത്തി. എസ്.എന്‍.ഡി.പി. ജില്ലാ കമ്മിറ്റികളുടെയും യൂനിയന്‍ കമ്മിറ്റികളുടെയും ശാഖാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുമെന്നും ഭാരവാഹികള്‍ പറഞ്ഞു.  എസ്.എന്‍. ട്രസ്റ്റ് മുന്‍ ഭാരവാഹികളായ പ്രഫ. സി പി സുധീഷ്, അഡ്വ. സി എന്‍ ബാലന്‍, ഷാജി വെട്ടൂരാന്‍, ചെറുനീര്‍ ജയപ്രകാശ്, പ്രഫ. മോഹന്‍ദാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it