Districts

എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ വളര്‍ച്ച തകര്‍ക്കാനെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സ്വാമി ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ ആരോപണം എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയ വളര്‍ച്ചയെ തകര്‍ക്കാന്‍ വേണ്ടിയാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പുതിയതല്ല. ഹൈക്കോടതിയില്‍ വരെ ഇതുസംബന്ധിച്ച് കേസുണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 13 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ വിചാരണ നടത്തി സ്വാമി ജലസമാധിയണഞ്ഞതാണെന്ന് കണ്ടെത്തിയതാണ്. ബിജു പറയുന്ന പ്രിയനെ താന്‍ കണ്ടിട്ടുപോലുമില്ല.വ്യക്തിഹത്യ നടത്തുക എന്നത് ബിജു രമേശിന്റെ സ്വഭാവമാണ്.

മാണിസാറിനെയും ബാബുവിനെയുമൊക്കെ വ്യക്തിഹത്യ ചെയ്തതാണ്. അവര്‍ തകര്‍ന്നില്ലെന്നു മാത്രമല്ല, തകര്‍ന്നത് ബിജു രമേശാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു അന്വേഷണത്തിനും താന്‍ എതിരല്ല. എനിക്കെതിരേ ഒരുപാട് ആരോപണങ്ങളുണ്ടല്ലോ, അതെല്ലാം ഒരുമിച്ച് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഒപ്പം ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതു കൂടി അന്വേഷിക്കണം. പാവം ടി.പിയെ 51 വെട്ടുവെട്ടിയാണ് കൊലപ്പെടുത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശാശ്വതികാനന്ദയെ വെള്ളാപ്പള്ളി നിയോഗിച്ച വാടകക്കൊലയാളി പ്രിയന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നു മദ്യവ്യവസായി ബിജു രമേശ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. 2002 ജൂലൈയിലാണ് ആലുവയില്‍ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ സ്വാമിയുടെ ജഡം കാണപ്പെട്ടത്. ആലുവ അദൈ്വതാശ്രമത്തില്‍ നടക്കുന്ന ശിവഗിരി മഠത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ദുബയ് പര്യടനത്തിനിടെ എസ്.എന്‍. ട്രസ്റ്റിന്റെ കണക്കുകള്‍ സംബന്ധിച്ച് സ്വാമി ശാശ്വതികാനന്ദ ആരാഞ്ഞിരുന്നു.

കൂടെയുണ്ടായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി സ്വാമിയെ രാത്രിയില്‍ കൈയേറ്റം ചെയ്തു. തുടര്‍ന്ന്, വിദേശപര്യടനം റദ്ദാക്കി സ്വാമി നാട്ടിലേക്കു പോന്നു. മര്‍ദ്ദനമേറ്റ പാടുകള്‍ സ്വാമി തന്നെ കാണിച്ചെന്നു വര്‍ക്കല സ്വദേശി ജോയ്‌സണ്‍ തന്നോടു പറഞ്ഞെന്നും ബിജു പറഞ്ഞു. കൊലയ്ക്കുശേഷം വെള്ളാപ്പള്ളിയെത്തി ശിവഗിരി മഠത്തില്‍നിന്നു രേഖകള്‍ കടത്തിയെന്നും ബിജു ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. സോമന്‍ യഥാര്‍ഥ മരണകാരണം പുറത്തുവിട്ടില്ല. ഇതിനു പ്രതിഫലമായാണ് സോമനെ എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റാക്കിയതെന്നും ബിജു ആരോപിച്ചു.
Next Story

RELATED STORIES

Share it