Kollam Local

എസ്.എന്‍. കോളജില്‍ എസ്.എഫ്.ഐ.-എ.ബി.വി.പി. സംഘര്‍ഷം; ഏഴുപേര്‍ക്ക് പരിക്ക്

കൊല്ലം: എസ്.എന്‍. കോളേജില്‍ എസ്.എഫ്.ഐ-എ. ബി. വി.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ആറ് എ.ബി. വി.പി. പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്. എ.ബി.വി.പി. യൂനിറ്റ് ജോയിന്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ സംസ്‌കൃത വിദ്യാര്‍ഥിയുമായ എ അജിലിന് തലയ്ക്കുണ്ടായ പരിക്ക് ഗരുതരമാണ്. ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ശസ്ത്രക്രിയയ്ക്കായി അജിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ മൂന്നാം വര്‍ഷ സംസ്‌കൃത വിദ്യാര്‍ഥിയും എ.ബി.വി.പി. യൂനിറ്റ് വൈസ് പ്രസിഡന്റുമായ സന്ദീപും മെഡിക്കല്‍ കോളജില്‍ ചികില്‍യിലാണ്. മൂന്നാം വര്‍ഷ പൊളിറ്റിക്‌സ് വിദ്യാര്‍ഥി നിതിന്‍, മൂന്നാം വര്‍ഷ പൊളിറ്റിക്‌സ് വിദ്യാര്‍ഥികളായ ഹരികൃഷ്ണന്‍, മനീഷ് , വിശാഖ്, എന്നിവര്‍ക്ക് കൈകാലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇവര്‍ ജില്ലാ ആശുപത്രിയിലും സാരമായി പരിക്കേറ്റ എസ്.എഫ്.ഐ. പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ പൊളിറ്റിക്‌സ് വിദ്യാര്‍ഥി കിരണ്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ടമെന്റിന് സമീപം നില്‍ക്കുകയായിരുന്ന തങ്ങളെ സംഘടിച്ചെത്തിയ എസ്.എഫ്. ഐ. പ്രവര്‍ത്തകര്‍ അകാരണമായി മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് എ.ബി.വി.പി. പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ തങ്ങളെ എ.ബി.വി .പി. പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. പോലിസ് സ്ഥലത്ത് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. പോലിസിന് നേരെയും കല്ലേറുണ്ടായതോടെ വിദ്യാര്‍ഥികളെ ലാത്തി വീശി വിരട്ടിയോടിച്ചു. കൊല്ലം ശ്രീനാരായണ കോളജില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ റഗുലര്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.പി ജില്ലാ കണ്‍വീനര്‍ ആര്‍ ശാന്തകുമാര്‍ അറിയിച്ചു. പ്ലസ് .ടു പരീക്ഷയെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it