kasaragod local

എസ്‌വൈഎസ് പരിപാടി; ഊരുവിലക്കിനെതിരേ ഹൈക്കോടതിയുടെയും വഖ്ഫ് ബോര്‍ഡിന്റെയും ഉത്തരവ്

കാഞ്ഞങ്ങാട്: ബല്ലാകടപ്പുറത്തെ അബ്ദുല്‍ഹമീദ് മദനിയെ ജമാഅത്ത് കമ്മിറ്റിയില്‍ നിന്നു ഊരുവിലക്കിയ സംഭവത്തില്‍ മദനിക്കനുകൂലമായി ഹൈക്കോടതിയുടെയും വഖ്ഫ് ബോര്‍ഡിന്റെയും വിധി. 2013ല്‍ ബല്ലാകടപ്പുറത്ത് എസ്‌വൈഎസ് പരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ നടപടി എടുത്തത്.
ഇതേത്തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി മദനിയുടെ വരിസംഖ്യ വാങ്ങിക്കുകയോ, ജമാഅത്തിന്റെ പരിധിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുപ്പിക്കുകയോ ചെയ്യാതെ മദനിക്കെതിരെ ഊരുവിലക്ക് നടപ്പാക്കുകയായിരുന്നു.
2014ല്‍ നടന്ന അബ്ദുല്‍ഹമീദ് മദനിയുടെ മകളുടെ വിവാഹ ചടങ്ങുകള്‍ പോലും ജമാഅത്ത് നടത്തിക്കൊടുത്തിരുന്നില്ല. ബല്ലാക്കടപ്പുറം ജമാഅത്ത് കമ്മിറ്റി ചടങ്ങ് ബഹിഷ്‌ക്കരിച്ചതിനെ തുടര്‍ന്ന് ഉമറൂല്‍ ഫാറൂഖ് തങ്ങള്‍ പൊസേട്ടാണ് മദനിയുടെ മകളുടെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത്. തന്നെ ബഹിഷ്‌ക്കരിച്ചതായി ചൂണ്ടിക്കാട്ടി മദനി വഖഫ് ബോര്‍ഡിന് നല്‍കിയ പരാതിയില്‍ 2015 ഫെബ്രുവരി മാസത്തില്‍ മദനിക്കനുകൂലമായി വഖ്ഫ് ബോര്‍ഡ് ഉത്തരവ് വന്നിരുന്നെങ്കിലും ബല്ലാകടപ്പുറം ജമാഅത്ത് കമ്മിറ്റി ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മദനി കഴിഞ്ഞ മാര്‍ച്ചില്‍ വഖഫ് ബോര്‍ഡിന് വീണ്ടും നല്‍കിയ പരാതിയിലാണ് മദനിക്ക് നുകൂലമായ വിധി ഉണ്ടായിരുന്നത്.
ഊരുവിലക്ക് ചൂണ്ടിക്കാട്ടി അബ്ദുല്‍ ഹമീദ് മദനി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വിധിയുണ്ടാകുന്നതിന് മുമ്പേയാണ് വഖഫ് ബോര്‍ഡ് മദനിക്ക് അനുകൂലമായി ഉത്തരവിറക്കിയത്. വഖ്ഫ് ബോര്‍ഡ് ഉത്തരവിന് പിന്നാലെ ഹൈക്കോടതി കൂടി മദനിക്ക് അനുകൂലമായി വിധി പഖ്യാപിച്ചതോടെ മദനിയുടെ ഊരുവിലക്ക് പിന്‍വലിക്കാന്‍ ജമാഅത്ത് കമ്മിറ്റി നിര്‍ബന്ധിതരായിരിക്കുകയാണ്.
രണ്ട് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്. മുസ്‌ലിംലീഗിലെ നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ബല്ലാകടപ്പുറം ജമാഅത്ത് കമ്മിറ്റിയില്‍ മദനിക്കെതിരെ ചരടുവലികള്‍ നടന്നത്.
Next Story

RELATED STORIES

Share it