എസ്സാര്‍ ഗ്രൂപ്പ് പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തുന്നതായി പരാതി; കേന്ദ്രമന്ത്രിയുടെ ഫോണുകളും ചോര്‍ത്തി

ന്യൂഡല്‍ഹി: രാജ്യത്തെ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖരുടെ ഫോണ്‍കോളുകള്‍ മള്‍ട്ടിനാഷനല്‍ കമ്പനിയായ എസ്സാര്‍ ഗ്രൂപ്പ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ചോര്‍ത്തുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസിന് പരാതി. ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ എസ്സാര്‍ ജീവനക്കാരുടെ കേസ് നടത്തുന്നയാളെന്ന് അവകാശപ്പെടുന്ന സുപ്രിംകോടതി അഭിഭാഷകന്‍ സുരന്‍ ഉപ്പലാണ് പരാതി നല്‍കിയത്.
റെയില്‍ മന്ത്രി സുരേഷ് പ്രഭു, അംബാനി സഹോദരന്‍മാര്‍, മുന്‍ മന്ത്രിമാരായ പ്രഫുല്‍ പട്ടേല്‍, രാംനായിക്, ജസ്വന്ത് സിങ്, അനില്‍ അംബാനിയുടെ ഭാര്യ ടിന അംബാനി, മരിച്ച പ്രമോദ് മഹാജന്‍, അമര്‍ സിങ് എംപി, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി, ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ പി പി വോറ, ഐസിഐസി ബാങ്ക് മുന്‍ എംഡി കെ വി കാമത്ത്, മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര, പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരായിരുന്ന എന്‍ കെ സിങ്, സിനിമാ താരം അമിതാഭ് ബച്ചന്‍ തുടങ്ങി നിരവധി പേരുടെ ഫോണുകളാണ് ചോര്‍ത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.
ഈ മാസം ആദ്യത്തിലാണ് പരാതി നല്‍കിയത്. സര്‍ക്കാരിന്റെയും മറ്റു വ്യവസായികളുടെയും നീക്കങ്ങളും വാണിജ്യ ഇടപാടുകളും മുന്‍കൂട്ടി അറിയുകയെന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ ചോര്‍ത്തലെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ എസ്സാര്‍ ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. മുംബൈയിലും ഡല്‍ഹിയിലുമിരുന്ന് രണ്ട് എസ്സാര്‍ ഗ്രൂപ്പ് ജീവനക്കാരാണ് ഫോണുകള്‍ ചോര്‍ത്തിയിരുന്നതെന്ന് 29 പേജുള്ള പരാതിയില്‍ പറയുന്നു. ചോര്‍ത്തിയ ഫോണുകളുടെ വിവരങ്ങളും മറ്റും പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. വാണിജ്യ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി എസ്സാര്‍ ഗ്രൂപ്പ് ചില രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും അതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നിലവില്‍ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജിയുണ്ട്. ഇതിനു പിന്നാലെയാണ് ഈ പരാതിയും വന്നിരിക്കുന്നത്.
കമ്പനിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുള്ള അല്‍ബാസിത് ഖാന്‍ എന്ന ജീവനക്കാരനായിരുന്നു ഫോണ്‍ ചോര്‍ത്തലിന് മേല്‍നോട്ടം വഹിച്ചിരുന്നത്. ഖാന്റെ അഭിഭാഷകനെന്ന നിലയില്‍ എസ്സാര്‍ ഗ്രൂപ്പിന് മുന്നറിയിപ്പ് നോട്ടീസ് അയച്ചിരുന്നുവെന്നും ഉപ്പല്‍ പറയുന്നു. കമ്പനിയുടെ ഉന്നതര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചോര്‍ത്തല്‍ നടത്തിയതെന്ന് ഖാന്‍ പറഞ്ഞതായും ഉപ്പല്‍ വ്യക്തമാക്കുന്നു. 2001ലാണ് ഇതിനുള്ള നിര്‍ദേശം ലഭിച്ചത്.
Next Story

RELATED STORIES

Share it