എസ്ബിടി - എസ്ബിഐ ലയനം: എസ്ബിടി യോഗവേദിക്ക് പുറത്ത് ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരേ ആശങ്കയുമായി ഓഹരി ഉടമകള്‍. ഇന്നലെ തിരുവനന്തപുരം എകെജി ഹാളില്‍ ചേര്‍ന്ന എസ്ബിടിയുടെ 56ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ചില ഓഹരിയുടമകള്‍ ആശങ്ക പ്രകടിപ്പിച്ചത്.
അതിനിടെ, എസ്ബിടി ഉള്‍പ്പെടെയുള്ള അസോസിയേഷന്‍ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരേ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ കേരള ഘടകത്തിന്റെ (എഐബിഇഎ) നേതൃത്വത്തില്‍ പ്രതിഷേധിച്ചു. എസ്ബിടി വാര്‍ഷിക പൊതുയോഗം നടക്കുന്ന വേദിക്ക് പുറത്താണ് ജീവനക്കാര്‍ പ്രതിഷേധവുമായി എത്തിയത്. മുദ്രാവാക്യം വിളിച്ചും കറുത്ത ബാഡ്ജ് ധരിച്ചും ജീവനക്കാര്‍ പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘര്‍ഷ സാധ്യതയും ഉടലെടുത്തു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കുന്നത് കോര്‍പറേറ്റുകളെ സഹായിക്കാനാണെന്ന് സത്യന്‍ മൊകേരി പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യസമയത്ത് ഇന്ത്യ പിടിച്ചുനിന്നത് ഇവിടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ കാര്യക്ഷമത കൊണ്ടാണ്. ഇവിടുത്തെ ധനകാര്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായതുകൊണ്ടാണ് മാന്ദ്യം നാടിനെ ബാധിക്കാത്തത്. എന്നാല്‍ ആഗോള മാന്ദ്യത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനായിരുന്നു രണ്ടാം യുപിഎ സര്‍ക്കാരിന്റെ നീക്കം. ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാരും ഇതു തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എകെജി ഹാളിന്റെ പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ എഐബിഇഎയുടെ കേരള ഘടകമായ സ്റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ, ഓള്‍ കേരളാ ബാങ്ക് എംപ്ലോയീസ് പ്രസിഡന്റ് കെ മുരളീധരന്‍, സിപിഐ ജില്ലാസെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ സംസാരിച്ചു.
ആഗോളതലത്തില്‍ മല്‍സരിക്കാന്‍ വന്‍കിട ബാങ്കുകളാണ് ആവശ്യമെന്ന ചിന്താഗതിയെ തുടര്‍ന്നാണ് ലയന നീക്കം. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണെങ്കിലും എസ്ബിഐക്കു ലോകത്തെ വലിയ 50 ബാങ്കുകളുടെ കൂട്ടത്തില്‍ പോലും സ്ഥാനമില്ല. അനുബന്ധ ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും ഏറ്റെടുത്താല്‍ എസ്ബിഐ 37 ലക്ഷം കോടി രൂപയുടെ ബാങ്കായി മാറും. തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1945ല്‍ സ്ഥാപിച്ചതാണ് എസ്ബിടി. 1959ലെ എസ്ബിഐ സബോര്‍ഡിനേറ്റ് ബാങ്ക്‌സ് ആക്റ്റ് പ്രകാരമാണ് എസ്ബിഐയുടെ അനുബന്ധ ബാങ്കായി മാറിയത്.
അതേസമയം ലയനത്തോടെ കേരളത്തിലെ ഏക പൊതുമേഖലാ വാണിജ്യ ബാങ്ക് ഇല്ലാതാവും. ലയനം 14,892 ജീവനക്കാരെയും ബാധിക്കും.
Next Story

RELATED STORIES

Share it