എസ്പി വിജയ റാലിക്കിടെ മരണം: ഒരാള്‍കൂടി പിടിയില്‍

മുസഫര്‍ നഗര്‍: തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഹ്ലാദം വെടിയുതിര്‍ത്ത് ആഘോഷിക്കുന്നതിനിടെ എട്ടുവയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഇതോടെ സംഭവത്തില്‍ പിടിയിലാവുന്നവരുടെ എണ്ണം അഞ്ചായി. തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്കെതിരായിരുന്നു കേസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുകള്‍. കൈറാണ മേഖല സ്വദേശിയായ അസ്‌ലിം ആണ് അവസാനം പിടിയിലായതെന്ന് സിഐ നിഷാന്‍ക് ശര്‍മ പറഞ്ഞു.
അനധികൃതമായ സംഘം ചേരല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, ലഹളയുണ്ടാക്കല്‍, അധികാരികളുടെ നിര്‍ദേശം അനുസരിക്കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് 200ഓളം വരുന്നവര്‍ക്കെതിരേ കേസെടുത്തിട്ടുള്ള സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന അഞ്ച് പേരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പ്രതിഫലവും പോലിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്റെ ഭര്‍ത്താവ് ഗായുര്‍, സലീം, മുംതാസ്, മെഹ്താബ്, നാഫിസ് എന്നിവരാണ് ഒളിവില്‍ കഴിയുന്നതെന്ന് എസ്പി വിജയ് ദുഷണ്‍ പറഞ്ഞു.
അതേസമയം, വെടി വയ്പില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായം അനുവദിച്ചതായി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഓഫിസ് അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകട സംഭവം റിപോര്‍ട്ട് ചെയ്യാന്‍പോയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ് സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ എസ്പി നേതാവും കൈറാണ എംഎല്‍എയുമായ നാഹിദ് ഹസനും 30 പേര്‍ക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു.
സംഭവത്തില്‍ എംഎല്‍എയും ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനുമടക്കമുള്ളവരോട് സമാജ് വാദി പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവയ്പിനെ തുടര്‍ന്ന് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ ആക്ഷേപമാണ് അഖിലേഷ് യാദവ് സര്‍ക്കാരിനെതിരേ ഉന്നയിക്കുന്നത്.
Next Story

RELATED STORIES

Share it